
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളിൽ ലൈക്കുമായി സിഇഒ ജാക്ക് ഡോർസി. റിഹാനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വാഷിങ്ടൺ പോസ്റ്റിലെ ജേണലിസ്റ്റ് ആയ കാരൻ ആറ്റിയുടെ പോസ്റ്റിലാണ് ആദ്യം ഡോർസിയുടെ ലൈക്ക് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ കർഷക പ്രക്ഷോഭത്തിന് ട്വിറ്റർ ഇമോജി വേണമെന്ന ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭ സമയത്ത് ട്വിറ്റർ പ്രത്യേക ഇമോജി കൊണ്ടുവന്നിരുന്നു.
കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം മോദിക്കെതിരെ ട്വീറ്റ് ചെയ്ത 250 ലേറെ അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. ട്വിറ്ററിൽ ചേരി തിരിഞ്ഞ് വാക്പോര് സജീവമാകുന്നതിനിടയിലാണ് ഡോർസിയുടെ ലൈക്കുകളും ചർച്ചയാകുന്നത്.