അന്തരിച്ച ഗായകൻ സോമദാസിനെ അനുസ്മരിച്ച് ഗായിക സോണിയ.  2008 ല്‍ ചാനൽ റിയാലിറ്റി ഷോയിൽ ഒരുമിച്ച് മൽസരിച്ച മൽസരാർഥികളാണ് ഇരുവരും. 

''അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കേട്ടയുടൻ ആ റിയാലിറ്റി ഷോയിൽ ഞങ്ങൾ ഒരുമിച്ച് പാടിയ പാട്ടാണ് ഓർമ വന്നത്. നാടക ഗാനം റൗണ്ടിൽ 'തലക്കു മീതെ ശൂന്യാകാശം' എന്ന പാട്ടാണ് ഞങ്ങൾ ഒരുമിച്ച് പാടിയത്. അതിൽ മരണത്തെക്കുറിച്ചുള്ള ഒരു വരിയുണ്ട്. ആ ഭാഗം സോമുച്ചേട്ടനാണ് പാടിയത്. എനിക്ക് കരച്ചിലടക്കാനാകുന്നില്ല'', സോണിയ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. അദ്ദേഹത്തിന് വളരെ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നുെവന്നും സോണിയ ഓർക്കുന്നു. റിയാലിറ്റി ഷോയിൽ വിജയി ആയില്ലെങ്കിലും സോമദാസ് നിരവധി ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച ഗായകനാണെന്നും സോണിയ പറയുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സോമദാസിന്റെ അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഗാകോവിഡ് ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായിയിരുന്നു.  വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയായിരുന്നു ഹൃദയാഘാതം. ഭാര്യയും നാലു പെണ്‍മക്കളും ഉണ്ട്.