chora-veena-mannil-anil

‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം’ എന്ന കവിത പ്രശസ്തിയുടെ ആകാശം തുറന്ന് തന്ന പാട്ടായിട്ടും, ഇനി ഞാനത് പാടില്ല എന്ന് ഒരിക്കൽ അനിൽ പനച്ചൂരാൻ പ്രഖ്യാപിച്ചു. അറബിക്കഥ ഇറങ്ങിയ സമയത്ത് ഇടതുനേതാക്കളുടെയും പ്രവർത്തകരുടെയും ഫോണിലെ റിങ് ടോണ്‍ തന്നെ ആ പാട്ടിയിരുന്നു. സമ്മേളനങ്ങളിൽ ഈ പാട്ട് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയ കാലം. പക്ഷേ കുറച്ചുകാലത്തിനു ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലകൾ നടന്നപ്പോൾ, അതിനോടുള്ള പ്രതിഷേധമായി ഇനി ആ കവിത ചൊല്ലില്ലെന്നു അന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ആളുകള്‍ക്ക് പ്രചോദനമേകാന്‍ കഴിവുള്ള കവിതയാണത്. ചോര വീഴ്ത്താനുള്ള പ്രചോദനമാണ് നല്‍കുന്നതെന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇനി ആ കവിത ചൊല്ലില്ല എന്നു പറഞ്ഞത്’  ഒരു അഭിമുഖത്തിൽ തന്റെ തീരുമാനത്തെ അദ്ദേഹം വിശദീകരിച്ചതിങ്ങനെ. 

അറബിക്കഥ കൊണ്ടുവന്ന കൊടുത്ത പ്രശസ്തിയും പേരുംമൂലം പനച്ചൂരാന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നതും ചേർത്തുവായിക്കണം. അതേ വർഷം പുറത്തിങ്ങിയ കഥ പറയുമ്പോൾ എന്ന സിനിമയിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ എന്ന ഹാസ്യരസം നിറഞ്ഞ ഗാനവും സൂപ്പർഹിറ്റായി. അറബിക്കഥ, ചിലനേരം ചില മനുഷ്യർ, യാത്ര ചോദിക്കാതെ തുടങ്ങിയ സിനിമകളിൽ നടനായും അനിൽ പനച്ചൂരാൻ തിളങ്ങി. ഭ്രമരത്തിലെ മോഹൻലാൽ പാടിയഭിനയിച്ച ‘അണ്ണാറക്കണ്ണാ വാ’, കുഴലൂതും പൂന്തെന്നലേ, സ്വന്തം ലേഖകനിലെ ‘ചെറുതിങ്കൾത്തോണി’, മേരിക്കുണ്ടൊരു കുഞ്ഞാടിലെ ‘എൻറടുക്കെ വന്നടുക്കും’ ബോഡിഗാർഡിലെ ‘അരികത്താരായോ പാടുന്നുണ്ടോ..’ തുടങ്ങി എണ്ണം പറഞ്ഞ ഒട്ടേറെ ഹിറ്റുകൾ സ്വന്തം പേരിൽ കുറിച്ചു വച്ചാണ് പനച്ചൂരാൻ വിടപറയുന്നത്. 

രോഗം വീഴ്ത്തുന്നതിനു തൊട്ടുമുൻപു വരെയും കർമനിരതനായിരുന്നു അനിൽ. സ്വന്തം സംവിധാനത്തിൽ ഒരു സിനിമയെന്ന സ്വപ്നം ബാക്കിയാക്കിയാണ് അനിൽ പനച്ചൂരാന്റെ വിടവാങ്ങൽ. കാട് എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അനിൽ.  ഇതിനായി തിരക്കഥാ രചന പൂർത്തിയാക്കിയിരുന്നു. പാട്ടുകൾ എഴുതാൻ കവി മുരുകൻ കാട്ടാക്കടയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അനിലോ മുരുകനോ പാടാമെന്ന ധാരണയിലാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്ന് കവി മുരുകൻ കാട്ടാക്കട അനുസ്മരിക്കുന്നു.