കോവിഡിനെത്തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രശസ്ത ഹിന്ദി സീരിയല്‍ താരം ദിവ്യ ഭട്‍നാഗര്‍ മരിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തുകളുമായി സുഹൃത്ത് ദെവൊലീന ഭട്ടാചാര്‍ജി. കോവിഡിനെത്തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ രൂക്ഷമായതിനെത്തുടന്നാണ് കഴിഞ്ഞദിവസം ദിവ്യ മരിച്ചത്. ചിത്രീകരണത്തിനിടെയായിരുന്നു ദിവ്യ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയതും ഉടന്‍തന്നെ ആശുപത്രിയിലാക്കിയതും. വെന്റിലേറ്റര്‍ സഹായം തേടിയിരുന്നെങ്കിലും ദിവ്യയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 

 

ദിവ്യ ഭട്‍നാഗറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ദെവൊലീന. തിങ്കളാഴ്ച സമൂഹ മാധ്യമത്തില്‍ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ദിവ്യയുടെ മരണത്തിനു പിന്നിലുള്ള രഹസ്യങ്ങള്‍ സുഹൃത്ത് പരസ്യമാക്കിയത്. 

 

നന്‍മയുള്ള മനസ്സിന്റെ ഉടമയായിരുന്നു ദിവ്യ എന്നു പറഞ്ഞ ദെവൊലീന പലരും അവരുടെ സ്നേഹവും ദയയും ചൂഷണം ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു. എന്നാല്‍  ദിവ്യയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്തതും പീഡിപ്പിച്ചതും ജീവിതം അസഹനീയമാക്കിയതും ഭര്‍ത്താവ് ഗജന്‍ ഗബ്രു ആണെന്നാണ് ദെവൊലീന പറയുന്നത്. ഗജനുമായുള്ള വിവാഹത്തെ ദിവ്യയുടെ വീട്ടുകാര്‍ മാത്രമല്ല താനും എതിര്‍ത്തിരുന്നതാണെന്നും ദെവൊലീന പറയുന്നു. 

മോശം സ്വഭാവത്തിന്റെ ഉടമയായിരുന്ന ഗജന്‍ ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരില്‍ ഷിംലയില്‍വച്ച് അറസ്റ്റിലായിട്ടുണ്ടെന്നും ദെവൊലീന പറയുന്നു. ആറു മാസം അയാള്‍ അന്ന് അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 

 

ദിവ്യയെ നിരന്തരമായി ശാരീരികമായി മര്‍ദിച്ച ഗജന്‍ ഒരിക്കല്‍ നടിയുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ഗജന്‍ ഇനിയും കൂടുതല്‍ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും എല്ലാവരും അയാളെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം മൂലം ആകെത്തകര്‍ന്ന ദിവ്യയ്ക്ക് കോവിഡിനോടു പോരാടുള്ള ശക്തിയുണ്ടായിരുന്നില്ല എന്നാണ് സുഹൃത്ത് പറയുന്നത്. മാനസികമായും ശാരീരികമായും ആകെത്തകര്‍ന്ന അവസ്ഥയിലായിരുന്നത്രേ ദിവ്യ. 

 

ഗജന്റെ യഥാര്‍ഥ മുഖം ഇപ്പോഴും പലര്‍ക്കും അറിയില്ലെന്നും താന്‍ അയാളുടെ മുഖം പൊതുജനത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും ദെവൊലീന പറയുന്നു. ദിവ്യയ്ക്ക് നീതി ലഭിക്കുക  എന്നതാണു പ്രധാനം. സുഹൃത്ത് എന്ന നിലയില്‍ നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ താന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. തെളിവുകളുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ ഗജനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദെവൊലീന കൂട്ടിച്ചേര്‍ത്തു.