surabhi3

തന്റെ പുതിയ ഷോർട്ഫിലിം ‘ഫുഡ് പാത്ത്’ വൻവിജയമായതിന്റെ സന്തോഷം പങ്കിടാന്‍, വീട്ടിൽ ഭക്ഷവുമായെത്തിയ ‘ഫുഡ് ഡെലിവറി ബോയ്‌’ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മി.

 

എറണാകുളത്ത് താരത്തിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു ഈ സന്തോഷ നിമിഷങ്ങൾ. ഭക്ഷണം ഓർഡർ ചെയ്യുന്നതിനു മുൻപു തന്നെ സുരഭി സമ്മാനങ്ങൾ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. പന്ത്രണ്ടു പേപ്പർകപ്പുകൾക്കുള്ളില്‍ 12 തരം സമ്മാനങ്ങളെഴുതിയ കടലാസുകൾ സൂക്ഷിച്ചിരുന്നു. തുടർന്ന് ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്നു.

 

ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ് വടകര സ്വദേശിയായ കെ.സമീറിനാണ് അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചത്. എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥിയായ സമീറിന് വിദ്യാഭ്യാസ വായ്പയുണ്ട്. അതിന്റെ തിരിച്ചടവിനുവേണ്ടിയാണ് ഒഴിവുസമയത്ത് ജോലി ചെയ്യുന്നത്. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെയും സുരഭിലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലായിരുന്നു സമീർ. ഇതിന്റെ വിഡിയോ സുരഭി തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഡെലിവറി ജീവനക്കാരുടെ കഥയാണ് ഫുഡ്പാത്ത് പറയുന്നത്. സുരഭിയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. അയൂബ് കച്ചേരി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു കെ. ജയനാണ്. കാലടി സർവകലാശാലയിലെ അധ്യാപകനായ വിനോദ്കുമാർ അതീതിയുടേതാണ് തിരക്കഥ.