ഐ.പി.എസ് നേട്ടം ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപികയ്ക്ക് സമര്‍പ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം സ്വദേശി എന്‍. വിജയകുമാറാണ് ഒന്നാം ക്ളാസില്‍ പഠിപ്പിച്ച ജാനമ്മ ടീച്ചറിന്റെ അനുഗ്രഹം തേടിയെത്തിയത്. 98 ാം വയസിന്റെ ക്ഷീണം ഒക്കെയുണ്ടങ്കിലും പ്രിയശിഷ്യന്റെ കുട്ടിക്കാലം  ടീച്ചറും ഓര്‍ത്തെടുത്തു.

ടീച്ചറിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന യൂണിഫോമിട്ട പൊലീസുകാരന്‍. സാക്ഷര കേരളം ചില്ലിട്ട് സൂക്ഷിക്കേണ്ട ചിത്രമെന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിലെ നായകര്‍ ഇവരാണ്. സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് ലഭിച്ച എന്‍.വിജയകുമാറും ജാനമ്മ ടീച്ചറും. 

എന്‍.ആര്‍.ഐ സെല്‍ എസ്.പിയായി വിരമിച്ച വിജയകുമാറിന് ഐ.പി.എസ് ലഭിച്ചത് അഞ്ച് ദിവസം മുന്‍പാണ്. ഉത്തരവ് കയ്യില്‍ കിട്ടയതിന് പിന്നാലെ ഒന്നാം ക്ളാസിലെ ടീച്ചറെ തേടിയെത്തി. 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറവന്‍കോണം പട്ടം താണുപിള്ള യു.പി സ്കൂളിലാണ് ജാനമ്മ ടീച്ചര്‍ വിജയകുമാറിന് ആദ്യാക്ഷരം പഠിപ്പിച്ചത്. അഞ്ചാം ക്ളാസ് വരെ ക്ളാസ് ടീച്ചറായിരുന്നു. പ്രായം നൂറിനോടടുത്തെങ്കിലും ടീച്ചര്‍ ആ കാലം മറന്നിട്ടില്ല. ഓരോ സ്ഥാനക്കയറ്റത്തിലും ടീച്ചറിന്റെ അരികിലെത്തുന്നത് വിജയകുമാറിന് പതിവാണ്.