സാഹിത്യോൽസവങ്ങളിലോ, കവിയരങ്ങളുകളിലോ മറ്റ് പ്രഭാഷണ പരിപാടികളിലോ ഇനി മുതൽ താൻ പങ്കെടുക്കുകയില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. രണ്ട് വർഷം മുൻപ് നടന്ന സാഹിത്യോൽസവത്തിലെ മുഖാമുഖത്തിൽ നിന്നും അടർത്തിയെടുത്ത് പ്രചരിപ്പിച്ച ചില ഭാഗങ്ങൾ അനാവശ്യ വിവാദങ്ങൾക്ക് വഴിവച്ചതിനെ തുടർന്നാണ് തീരുമാനം. 

ചുള്ളിക്കാടിന്റെ വാക്കുകൾ ഇങ്ങനെ: പൊതുജനാഭിപ്രായം മാനിച്ച് ,  മേലാൽ    സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകൾ  പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. 

സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം  നിർമ്മാതാക്കളോടും സംവിധായകരോടും  ആവശ്യപ്പെടാനപേക്ഷ.  കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലൊ.) ഇപ്പോൾ എനിക്ക്  വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത്  സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

-ബാലചന്ദ്രൻ  ചുള്ളിക്കാട്.

2018 ൽ നടന്ന ഒരു സാഹിത്യോൽസവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കവിയോട് തികച്ചും അനവസരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നത്. സിനിമയുടെ കപടലോകം വിട്ട് പഴയ കവിതയിലേക്ക് മടങ്ങി വരുമോ എന്നതായിരുന്നു ഒരു ചോദ്യം. ഒരു വേള നിശബ്ദമായിരുന്ന ശേഷം 'സൗകര്യമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സദസിൽ കവിത ചൊല്ലുമ്പോൾ കണ്ഠമിടറിയതും കണ്ണുകൾ നിറഞ്ഞതും താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി ഞങ്ങൾ മനസിലാക്കുന്നു എന്നായിരുന്നു തുടർന്നെത്തിയ ചോദ്യം. എന്നാൽ താൻ നിരന്തരം കവിതകൾ എഴുതുന്നുണ്ടെന്നും അത് വായിക്കാത്തത് കുറ്റമൊന്നുമല്ലെന്നും പക്ഷേ ഇങ്ങനെയുള്ള ചോദ്യമാണ് പ്രശ്നമെന്നും കവി ശാന്തമായി വിശദീകരിക്കുന്നുണ്ട്.

പൊതുവിടത്തിൽ ഒരാളുടെ സ്വകാര്യ ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും ക്രോസ് വിസ്താരം നടത്തേണ്ട കാര്യമില്ലെന്ന് ചുള്ളിക്കാടിനെ അനുകൂലിച്ചും അതല്ല പ്രതികരണം കടന്നുപോയെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകളുണ്ടായി. ഇതിന് പിന്നാലെ 'ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്' എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. തുടർന്നാണ്  മേലാൽ സാഹിത്യോൽസവങ്ങളിലും കവിയരങ്ങുകളിലേക്കും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.