സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആ പാട്ട് കേട്ടപ്പോൾ മലയാളികൾ ഒന്ന് കാതോർത്തു. പാടുന്നയാളെ കണ്ടപ്പോൾ ഞെട്ടി, പിന്നെ കൗതുകമായി. മലയാളികൾ മാത്രമല്ല, മറ്റു രാജ്യക്കാരും ആ ഗായകനെ എത്തിനോക്കി. സൗദിയിലെ യുവഗായകൻ ഹാഷിം അബ്ബാസ് ആയിരുന്നു ആ താരം. പാടിക്കൊണ്ടിരുന്നത് കലാഭവൻ മണിയുടെ ''ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ...'' എന്ന നാടൻപാട്ടും. ഓണം നേരത്തെ എത്തി എന്ന അടിക്കുറിപ്പോടെ ഇദ്ദേഹം തന്നെ ഈ വിഡിയോ സമൂഹമാധ്യമത്തിൽ് പോസ്റ്റ് ചെയ്യുകയും ചെയ്തു. 

ലുലുവിന്റെ റിയാദ് അൽ ഖർജില ശാഖയിലായിരുന്നു ഈ കലാവിരുന്ന്. ഹാഷിമിന്റെ പാട്ടിനൊപ്പം സൂപ്പർമാർക്കറ്റിലെ ജീവനക്കാരിൽ ചിലർ നൃത്തം വെച്ചു.  മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ  ഈ അറബ് ഗായകൻ കേരള കലാ സാംസ്കാരിക വേദിയുടെ സൗദി കിഴക്കൻ പ്രവിശ്യാ ചീഫ് പാട്രൺ കൂടിയാണ്.  സുഹൃത്‍വലയത്തിലും മയാളികൾ ഏറെയുണ്ട്. പല തവണ കേരളത്തിലും എത്തിയിട്ടുണ്ട്. മുറി മലയാളത്തിൽ സംസാരിക്കാനുമറിയാം. കലാഭവൻ മണിയുടെ പാട്ടുകളോട് പ്രത്യേക ഇഷ്ടമുള്ള ഹാഷിം മലയാളി ആരാധകർക്കായി ഫെയ്സ്ബുക്കും പേജും തുടങ്ങിയിട്ടുണ്ട്. കോവിഡിനെതിരെയും ഇദ്ദേഹം മലയാളത്തിൽ മലയാളത്തിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.