പെരിന്തൽമണ്ണ (മലപ്പുറം) ∙ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകൾക്കു ശേഷം മേലുദ്യോഗസ്ഥയാണെന്ന് അറിയിച്ചപ്പോൾ സഹപ്രവർത്തകർക്ക് ഞെട്ടൽ, പിന്നെ അദ്ഭുതം. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ ഉടനെയാണ് വേഷം മാറി പെരിന്തൽമണ്ണ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ പിആർഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെഎസ്ആർടിസി ബസ്സിൽ വെച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും അറിയിച്ചു. ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിലാണ് ജോലിയെന്നാണ് പറഞ്ഞത്.
ഉടനടി ഒരു പരാതി എഴുതി നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ആവശ്യപ്പെട്ടു. പരാതിക്കാരി എഎസ്പിയാണെന്നറിയാതെതന്നെ തുടർ നടപടികളും സ്വീകരിച്ചു. കൈ കഴുകുന്നതിനായി സാനിറ്റൈസർ നൽകുകയും ഇരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു പൊലീസുകാർ. ഇതെല്ലാം പരാതിക്കാരി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയിൽപെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിർബന്ധമായും രസീത് കൈപ്പറ്റണം എന്ന് പിആർഒ ആവശ്യപ്പെട്ടു.
തമിഴ് ചുവയുള്ള ഭാഷയിൽ സംസാരിച്ച എഎസ്പിയോട് മലയാളത്തിലും ഇംഗ്ലിഷിലുമായി പൊലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പരാതി റജിസ്റ്റർ ചെയ്യാൻ തുടങ്ങുന്നതിടെയാണ് താൻ പുതിയതായി ചുമതലയേറ്റ എഎസ്പി ആണെന്ന് അറിയിച്ചത്. ഇതു കേട്ട പൊലീസുകാരെല്ലാം അന്ധാളിച്ചെന്നു മാത്രമല്ല, കൈപ്പിഴവൊന്നും വന്നില്ലല്ലോ എന്ന ആശ്വാസത്തിലുമായി. പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എഎസ്പി എം. ഹേമലത ഐപിഎസ് പറഞ്ഞു.
പിആർഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാർദപരമായാണ് പെരുമാറിയതെന്നും തമിഴ്നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവർ പറഞ്ഞു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എഎസ്പി മടങ്ങിയത്.