വിദേശത്തുനിന്ന് വരുന്നവര്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിലെ കോണ്‍ഗ്രസ്, പ്രവാസി ഇടങ്ങളില്‍ പ്രതിഷേധവും ട്രോളുകളും. ട്രോൾ ഗ്രൂപ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഇതോടെ വൈറലാവുകയാണ്. കോൺഗ്രസിന്റെ നേതാക്കളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാവങ്ങളാണെങ്കിലും ചെലവ് വഹിക്കേണ്ടി വരുമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. തുക സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിക്കും. എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത എന്ന് ചോദിച്ച് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തി.
‘ലജ്ജകൊണ്ട് തല താഴ്ത്തുന്ന കേരളം. ഉപദേശകരുടെ ശമ്പളത്തിന് കോടികൾ, പാർട്ടിക്ക് താത്പര്യമുള്ള കേസുകൾ കോടതിയിൽ വാദിക്കാൻ വക്കിലിന് കൊടുക്കാൻ കോടികൾ, സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്താൻ കോടികൾ, പക്ഷേ പാവപ്പെട്ട പ്രവാസി ഇനി നാട്ടിൽ വന്നാൽ ക്വാറന്റൈൻ ചിലവ് സ്വന്തമായി വഹിക്കണം. കേരളത്തിന്റെ മണ്ണിലേക്ക് പ്രതിവർഷം 80,000 കോടി രൂപയോളം (36% of State NSDP ) നൽകുന്ന പാവപ്പെട്ട പ്രവാസികളോട് ഇത് തന്നെ വേണം സർക്കാരേ..’ ശബരീനാഥൻ കുറിച്ചു.