കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ കൽക്കട്ടയിലെ നൂറുകണക്കിന് ക്യാൻസർ രോഗികളുള്ള ആശുപത്രിയിലെ സ്ഥിതിഗതികൾ ഒറ്റ രാത്രികൊണ്ട് മാറിമറിഞ്ഞു. ക്യാൻസറും കോവിഡും ഒരേസമയം വില്ലനായെത്തിയ രോഗികളെ പരിചരിക്കാന്‍ ഡോക്ടർമാരും നഴ്സുംമാരും തയ്യാറാവാഞ്ഞതായിരുന്നു രോഗത്തേക്കാൾ ഭീകരമായ അവസ്ഥ. മണിക്കൂറുകളെങ്കിലും പ്രതീക്ഷയറ്റ് കഴിയേണ്ടി വന്നു രോഗികളിൽ പലർക്കും. എന്നാൽ അവർക്ക് കരുതലും തുണയുമായി ധീരതയോടെ മൂൻപിൽ എത്തിയത് മറ്റെരു ആശുപത്രിയിലെ മൂന്ന് നഴ്സുമാരാണ്. കേരളക്കരയുടെ അഭിമാനം ലോകത്തിനുമുന്നിൽ ഉയർത്തിയ മൂന്ന് മലയാളികൾ യുവാക്കൾ.
കഴിഞ്ഞ അഞ്ച് വർഷമായി കൽക്കട്ടയിലെ നാരായണ ഹോസ്പിറ്റലിൽ സേവനം അനുഷ്ടിക്കുന്ന വിശാലും എൽദോസും മത്തായിയും മോണിംങ് ഡ്യൂട്ടികഴിഞ്ഞ് എത്തിയപ്പോഴാണ് ഈ വാർത്ത അറിയുന്നത്. ഇതേ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന ഡോക്ടർ ദത്ത വഴിയാണ് താകൂർപൂകൂറിലെ ആശുപത്രിയിൽ രോഗികളെ പരിചരിക്കാൻ നഴ്സുമാർ വിസമ്മതിച്ചെന്നും തങ്ങളുടെ സേവനം വേണമെന്നും അറിയുന്നത്.. ഉടൻ തന്നെ ഡോക്ടറോട് ആംബുലൻസ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നാരായണ ഹോസ്പിറ്റലിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സേവനത്തിനായി മൂന്ന് പേരും ഇറങ്ങി പുറപ്പെടുന്നത്. തങ്ങൾക്ക് കിട്ടിയ ഓഫ് ഡെയിലും ഒഴിവുസമയത്തും മൂവരും രോഗികളെ പരിചരിച്ചു. പ്രതിഫലം പോലും ആഗ്രഹിക്കാതെ ഇരുപതോളം കോവിഡ് രോഗികളെ പരിചരിച്ചു. അടുക്കാൻ മടികാട്ടിയവരുടെ മുൻപിൽ തന്നെ മാതൃക കാട്ടിക്കൊടുത്തു.
'ഞങ്ങൾ നഴ്സിംങ് കരിയറായി തിരഞ്ഞെടുത്തത് മറ്റുള്ളവരെ പരിചരിക്കാനാണ് രാജ്യം ഇത്തരത്തിൽ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളെങ്ങനെ മാറി നിൽക്കും? ഇപ്പോഴല്ലെ ഉണർന്നു പ്രവർത്തിക്കേണ്ടത്. വേണ്ട മുന്നൊരുക്കങ്ങളും പിപിഇ കിറ്റുമൊക്കെ ഉപയോഗിച്ചു തന്നെയായിരുന്നു ജോലി .ചെയ്തത്. അതുകൊണ്ട് തന്നെ പരിശോധനയിൽ നെഗറ്റീവാണ്. രോഗത്തെ ഞങ്ങൾ തന്നെ പേടിച്ചാൽ എന്താവും സ്ഥിതി..!.' വിശാൽ സെബാസ്റ്റ്യൻ പറയുന്നു.
ബംഗളൂരു ഗോൾഡ് ഫിഞ്ച് കോളേജിലെ നഴ്സിംങ് പഠനകാലം മുതലേ മൂവരും ഒന്നിച്ചായിരുന്നു. ഒടുവിൽ ഹൗറയിലെ നാരായണ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയപ്പോഴും ആ സൗഹൃദം അങ്ങനെ തന്നെ നിലനിൽക്കുന്നു. വിശാൽ സെബാസ്റ്റ്യൻ ഇടുക്കി മൂലമറ്റം സ്വദേശിയാണ്. എൽദോസ് കെ മത്തായി പെരുമ്പാവൂർകാരനും വിനീതി വിജൻ പാലക്കാട് നിന്നുമാണ്. വീട്ടുകാരോട് വിവരങ്ങളൊക്കെ പറയുമ്പോൾ ഉള്ളിൽ ഭയമുണ്ടെങ്കിലും എല്ലാം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് മാത്രമാണ് മറുടിയെന്ന് മൂവരും പറയുന്നു.
രാജ്യത്ത് കോവിഡ് മഹാമാരി ആഞ്ഞടിക്കുമ്പോൾ കരളുറപ്പോടെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകര്‍ ഏതൊരു സാധാരക്കാരന്റെയും ആശ്വാസവും ആത്മവിശ്വാസവുമെല്ലാമാണ്. ഇവരാകും കാലമെത്ര കടന്ന് പോയാലും വിസ്മരിക്കപ്പെടാത്ത യഥാർഥ ഹീറോസ്.