malayali-club-admin-speeks

‘ദി മലയാളി ക്ലബ്’ ലോക്ഡൗണില്‍ മലയാളികള്‍ കൂട്ടത്തോടെ േചക്കേറിയ ഫെയ്സ്ബുക്ക് കൂട്ടായ്മ. സെലിബ്രിറ്റികളും സാധാരണക്കാരുമടക്കം ദിവസങ്ങള്‍ക്കുള്ളില്‍ 2 ലക്ഷത്തില്‍പ്പരം അംഗങ്ങളുണ്ടായ ഗ്രൂപ്പ്. അംഗബാഹുല്യത്തോടൊപ്പം ആരോപണങ്ങളും ഇറങ്ങിപ്പോക്കുമുണ്ടായ ഗ്രൂപ്പ്. ഫെയ്സ്ബുക്കില്‍ ഫോട്ടോസഹിതം ആമുഖമെഴുതി ഗ്രൂപ്പിലംഗത്വമെടുക്കുന്ന മലയാളി ക്ലബ്ബിലെ രീതിയും ട്രെന്‍ഡിങ്ങാണ്. 

 

പൊടുന്നനെയാണ് ഗ്രൂപ്പിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുന്നത്, പലരും രാഷ്ട്രീയം പറഞ്ഞ് അംഗത്വം റദ്ദാക്കി കടന്നുകളഞ്ഞു. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പായ്ക്കാനും ലോകമലയാളികള്‍ക്ക് പരസ്പരം പങ്കുവെക്കാനും സഹായിക്കാനും സഹകരിക്കാനുമൊക്കെ ഒരു വേദിയെന്ന രീതിയാണ് ഗ്രൂപ്പ് തുടങ്ങിയത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന്‍ രവീഷ് നന്ദന്‍ അവകാശപ്പെടുന്നു.

 

ഗ്രൂപ്പിന് രാഷ്ട്രീയമുണ്ടെന്ന പ്രചരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോെയന്നറിയില്ല. പക്ഷെ തെറ്റിദ്ധാരണയാണ് പലരും അംഗത്വം റദ്ദാക്കാനുള്ള കാരണം. ചില ആക്ടിവിസ്റ്റുകളാണ് ഗ്രൂപ്പില്‍ അംഗത്വം റദ്ദാക്കുന്നതായി ആദ്യം പരസ്യപ്പെടുത്തിയത്. തുടര്‍ന്ന് പലരും ഫെയ്സ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, സിനിമാക്കാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അംഗങ്ങളായ ഗ്രൂപ്പിനെതിരെ നടന്ന വ്യാജപ്രചരണം വലിയതോതില്‍ പ്രചരിപ്പിക്കപ്പെട്ടു. പക്ഷെ ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ ശരിവെക്കുന്ന ഒന്നും ഗ്രൂപ്പിന്റെ അഡ്മിന്‍മാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. 

 

പ്രതിദിനം ഇരുപതിനായിരത്തിലധികം പോസ്റ്റുകളാണ് അപേക്ഷ വരുന്നത്. 7000 എണ്ണം അനുവദിക്കും. ഒാരോന്നും പരിശോധിച്ചാണ് അനുമതി നല്‍കുന്നത്, അംഗത്വത്തിനുള്ള അപേക്ഷയും പരിശോധിക്കും. പക്ഷെ അംഗങ്ങളുടെ രാഷ്ട്രീയമല്ല പരിശോധിക്കുന്നത് മറിച്ച് അക്കൗണ്ട് ഫെയ്ക്ക് ആണോയെന്നു മാത്രമാണ്.

 

ഒരു വ്യക്തിയെയോ സമൂഹത്തെയോ പ്രദേശത്തെയോ ഗ്രൂപ്പിനെയോ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ലെന്നും അഡ്മിന്‍  പറയുന്നു. കലാസൃഷ്ടികള്‍, ആഘോഷങ്ങള്‍, രചനകള്‍, യാത്രകള്‍, ഫോട്ടോകള്‍, റിവ്യുകള്‍, നിരീക്ഷണങ്ങള്‍... അങ്ങിനെ ശരാശരി മലയാളികളുടെ അഭിരുചികളില്‍പ്പെട്ടതെന്തും  ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. മൂന്ന് ലക്ഷത്തിലധികം അംഗങ്ങള്‍ ഇതിനകം അംഗത്വമെടുത്ത് കഴിഞ്ഞു, ഇനിയും അപേക്ഷകള്‍ അനുമതിക്കായി കാത്ത് കിടക്കുന്നു.

 

ലോക്ഡൗണായതോടെ ആളുകളെല്ലാം കൂട്ടത്തോടെ സമൂഹമാധ്യമങ്ങളിലേക്ക് ചേക്കേറിയ തക്കത്തിനാണ് ദി മലയാളി ക്ലബ്ബ് പിറവിയെടുക്കുന്നത്. ലോകത്തിന്റെ പല കോണുകളില്‍ ജീവിക്കുന്ന മലയാളി സുഹൃത്തുക്കളാണ് ഇതിന് പിന്നില്‍. കണ്ണൂര്‍ക്കാരനായ രവീഷ് നന്ദന്‍ സിങ്ങാണ് ഗ്രൂപ്പ് തുടങ്ങിയത്. ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലാണ് രവീഷ് താമസിക്കുന്നത്. സുഹൃത്തുക്കളായ രാജീവ്, സിബി ഗോപാലകൃഷ്ണന്‍, ജെയ്സണ്‍, എല്‍ദോ സൂസണ് എന്നിവരാണ് മറ്റ് അഡ്മിനുകള്‍.

 

മലയാളി ഐഡന്ററ്റി മാത്രം വെച്ച് സര്‍വ്വസ്വീകാര്യമായ ഒരു ഗ്രൂപ്പാണ് ഉദ്ദേശിച്ചത് പക്ഷെ ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നുമില്ല. സ്നേഹം സഹകരണം സഹായം ഇതാണ് ഗ്രൂപ്പിന്റെ അടിസ്ഥാന തത്വങ്ങളെന്ന് അഡ്മിന്‍ പറയുന്നു. അതിലുപരിയായ രാഷ്ട്രീയം ഗ്രൂപ്പിനില്ലെന്നും തെറ്റിദ്ധരിച്ചവര്‍ തിരുത്തണമെന്നും അഡ്മിന്‍ പറയുന്നു.

 

കൊറോണകാലത്ത് തുടങ്ങിയ ഗ്രൂപ്പ് എന്ന നിലയ്ക്ക് അതിന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനുള്ള ഉത്തരവാദിത്തവും ഗ്രൂപ്പ് ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളോട് സംഭാവന നല്‍കാന്‍ ഗ്രൂപ്പ് അഡ്മിന്റെ നിര്‍ദേശം വന്നു. ഒാണ്‍ലൈനായി പണം നല്‍കിയതിന്റെ രശീത് ഗ്രൂപ്പില്‍ കമന്റ് ചെയ്യാനും നിര്‍ദേശിച്ചു. ഇതിനകം മൂന്ന് ലക്ഷത്തി അന്‍പതിനായിരം രൂപ ഗ്രൂപ്പ് അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനല്‍കി. അതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ കമന്റുകളായി നിറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അന്‍പതിനായിരം രൂപ അംഗങ്ങള്‍ സംഭാവന നല്‍കി കഴിഞ്ഞു.