pinemarakkavu

TAGS

പുത്തൂർ: ഭൂമിക്കു കുട ചൂടുന്ന സുഗന്ധമാണ് ഈ കാവ്, വെണ്ടാർ ദേവീക്ഷേത്രത്തിലെ പൈൻമരക്കാവ്. വെണ്ടാർ സ്കൂൾ റോഡിൽനിന്നു സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കു തിരിയുമ്പോൾ വലതുവശത്തു കാണാം  ദേവീക്ഷേത്രവും തൊട്ടുമുന്നിൽ ആകാശം മറയ്ക്കുന്ന കാവിന്റെ തഴപ്പും. പലയിനം മരങ്ങളോ പടർന്നു കയറുന്ന കാട്ടുവള്ളികളോ ഇവിടെയില്ല. കുന്തിരിക്കം പൊട്ടിയൊലിക്കുന്ന പൈൻമരങ്ങൾ മാത്രം. എന്തുകൊണ്ടു ഈ മരങ്ങൾ മാത്രം..? ആ രഹസ്യം നാടിനും അറിയില്ല.  

 

നൂറിലേറെ പൈൻമരങ്ങൾ ഇവിടെയുണ്ടെന്നാണു കണക്ക്. കാവിലല്ലാതെ പുറത്തെവിടെയും ഇതിന്റെ അരി വീണു മുളയ്ക്കാറില്ല. മുളച്ചാൽത്തന്നെ വളരാറുമില്ലെന്നു നാട് സാക്ഷ്യപ്പെടുത്തുന്നു. നമ്പർ 303 വെണ്ടാർ എൻഎസ്എസ് കരയോഗത്തിന്റെ അധീനതയിലുള്ള വെണ്ടാർ ദേവീക്ഷേത്രത്തിന്റെ നാഗക്കാവാണിത്. കാവിന്റെ വടക്കേഅരികിലാണു  നാഗദേവാലയം. മരങ്ങളുടെ പുറംതൊലി പൊട്ടിയൊലിച്ചാൽ നാടിനു കുന്തിരിക്കത്തിന്റെ ഗന്ധമാണ്.

 

അസ്സൽ വെള്ള കുന്തിരിക്കം. കാവിന് ഒരേക്കറോളം  വിസ്തൃതി ഉണ്ടെന്നു കരയോഗം പ്രസിഡന്റ് ബി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ആർ.ഹരികുമാറും പറഞ്ഞു. മഴയായാൽ മലിനജലം കുത്തിയൊഴുകിയെത്തും. കാവിനോടു ചേർന്നുള്ള കനാൽ തുറക്കുമ്പോൾ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യവും വന്നടിയും. ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണം എന്നതാണു പ്രധാന ആവശ്യം.