aswathy-insta

ലോക്ഡൗൺ കാലത്ത് വിഷാദത്തിലൂടെ കടന്നു പോകുന്നവരെ കേൾക്കാനൊരുങ്ങി അശ്വതി ശ്രീകാന്ത്. വിഷാദത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് തുറന്നു സംസാരിക്കാവുന്ന നല്ലൊരു കേൾവിക്കാരിയാകാമെന്നാണ് അശ്വതി അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ നമ്പർ അയച്ചു നൽകിയാൽ മതി. സത്യസന്ധമായ പ്രശ്നമാണ് എന്നു തോന്നിയാൽ താൻ വിളിക്കാമെന്നും സംസാരിക്കാമെന്നും അശ്വതി പറഞ്ഞു.

 

ഇക്കാര്യം അറിയിച്ചു കൊണ്ട് മൂന്നു മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയാണ് അശ്വതി പങ്കുവച്ചത്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ലോക്ഡൗൺ കാലം എങ്ങനെയാണ് സന്തോഷകരമാക്കുന്നതെന്നു വ്യക്തമാക്കിയ താരം, മറ്റുള്ളവരിലേക്ക് ആ പകരാനായി ഒരു കേൾവിക്കാരിയാകാമെന്നും അറിയിക്കുകയായിരുന്നു. ‘‘ഡിപ്രഷനിലൂടെ കടന്നു പോകുന്ന ആളാണ് താങ്കൾ എങ്കിൽ, ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ കുറച്ച് സന്തോഷം ലഭിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, കേൾക്കാൻ ഞാൻ തയാറാണ് എന്നു പറയാൻ വേണ്ടിയാണ് ഈ വിഡിയോ ചെയ്യുന്നത്. സന്തോഷത്തോടെ ഇരിക്കുന്ന ആളോടാണ് സംസാരിക്കുന്നതെങ്കിൽ നമുക്കും ആ ഹാപ്പിനസ് കിട്ടും. ഞാനീയൊരു സമയത്ത് ഹാപ്പി ആയിട്ടിരിക്കാൻ ശ്രമിക്കുന്ന ഒരാളാണ്. ഞാനെന്റെ ഫാമിലിയുടെ കൂടെയാണ്. എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾക്കു വേണ്ടി സമയം കിട്ടുന്നുണ്ട്. കാര്യം നല്ല തിരക്കുണ്ട്. ഒതുക്കലും അടുക്കലുമൊക്കെയായി വീട്ടിൽ പണികളുണ്ട്. മിഠായി കഥകളുടെ ഷൂട്ട് നടക്കുന്നുണ്ട്. എന്നാലും ഈ സമയം അതിന്റെ ഫുൾ സ്പിരിറ്റോടു കൂടി ആസ്വദിക്കാൻ ശ്രമിക്കുന്ന ഒരാളാണ്. അങ്ങനെ എനിക്കു കണ്ടെത്താൻ കഴിയുന്ന ഈ സന്തോഷം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനായാൽ അതൊരു നല്ല കാര്യമല്ലേ. അതുകൊണ്ട് നിങ്ങൾക്ക് നല്ലൊരു കേൾവിക്കാരിയെ വേണമെന്നു തോന്നുകയാണെങ്കിൽ ഞാനൊരു കേൾവിക്കാരിയാകാൻ തയാറാണ്’’ – അശ്വതി പറഞ്ഞു.

 

സംസാരിക്കാൻ താല്‍പര്യമുള്ളവർ പേരും മൊബൈൽ നമ്പറും സ്ഥലും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാന്‍ അശ്വതി ആവശ്യപ്പെട്ടു. യഥാർഥ്യമാണെന്നു തോന്നുന്നപക്ഷം തീർച്ചയായും തിരച്ചുവിളിക്കുമെന്നും ആരും ഇത് ദുരുപയോഗം ചെയ്യില്ലെന്നു വിശ്വസിക്കുന്നതായും അശ്വതി പറഞ്ഞു.