kumbalangi-kavaru

'കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ ? '  കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ബോബിയുടെ ഈ ഡയലോഗിന് ശേഷമുള്ള ദൃശ്യങ്ങൾ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. സിനിമയ്ക്കൊപ്പം ഹിറ്റയൊരു പ്രതിഭാസമാണ് കവര് അഥവാ കുമ്പളങ്ങി കായലിലെ നീലവെളിച്ചം. അത്രയ്ക്ക് മനോഹരമാണ് ആ ദൃശ്യ‌ം. ആ കാഴ്ച നേരിൽ കാണാൻ കഴിയുമോ എന്ന  സംശയത്തിന് അറുതിയായി കുമ്പളങ്ങി കായലിൽ വീണ്ടും കവര് കണ്ടു തുടങ്ങി. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ സീസൺ.

 

കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ  ഇവ ദൃശ്യമാകും. ഇവ നേരിൽ കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെ യുവാക്കളാണ് രാത്രിയിൽ കുമ്പളങ്ങിയിൽ എത്തുന്നത്. കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖല, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ് എന്നിവിടങ്ങളിലെ ഒഴുക്കില്ലാത്ത കായലിലും കെട്ടുകളിലും കവര് കാണാം. ഒറ്റപ്പെട്ട പ്രദേശമാണെങ്കിൽ കുറച്ചുകൂടി മനോഹരമായി ഇവ ദൃശ്യമാകും. വേനൽക്കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം.

 

ചില ഭാഗങ്ങളിൽ ഫ്ലുറസെന്റ് നിറത്തിലും ഇത് കാണപ്പെടുന്നു. കായലിൽ ഉപ്പിന്റെ അളവ് കൂടും തോറും പ്രകാശവും വർധിക്കും. മഴക്കാലമായാൽ  ഇവ അപ്രത്യക്ഷമാകും. വരും ദിവസങ്ങളിൽ ഉപ്പുകൂടുന്നതോടെ കായലിൽ  കവര് അതിമനോഹരമായി ദൃശ്യമാകും. രാത്രിയാകുന്നതോടെ കുമ്പളങ്ങി കായലിൽ കല്ലെറിഞ്ഞും വഞ്ചി ഇറക്കിയും ഓളമുണ്ടാക്കി നീല വെളിച്ചം സൃഷ്ടിക്കുകയാണ്  യുവാക്കൾ. ‌മൽസ്യത്തൊഴിലാളികൾക്കിടയിൽ കവരിന് വില്ലൻ പരിവേഷമാണ്. മീനിനു വല ഇട്ടിരിക്കുന്ന പ്രദേശത്ത് കവരടിഞ്ഞുകൂടും. ഇത് ആ ഭാഗത്ത് വെളിച്ചമുണ്ടാക്കും. വെളിച്ചം മൂലം മീനുകൾ അകന്നു മാറും. ഇതുമൂലം  കവരടിയുന്ന സമയത്ത് മൽസ്യലഭ്യത കുറയുമെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു.

 

'‌ബയോലൂമിനസെൻസ്' എന്ന പ്രതിഭാസത്തെയാണ് കവര് എന്ന്  നാട്ടുഭാഷയിൽ വിളിക്കുന്നത്. ബാക്ടീരിയ, ഫംഗസ്, ആൽഗേ പോലെയുള്ള സൂക്ഷ്മജീവികൾ പ്രകാശം പുറത്തു വിടുന്ന പ്രതിഭാസമാണ് ഇത്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിന്നി പ്രകാശം പുറപ്പെടുവിക്കാനുള്ള കാരണവും.

 

കാണുന്നവർക്ക് ഇത് കൗതുകവും അത്ഭുതവും ആണെങ്കിലും ഇവയ്ക്ക് ഇത് പ്രതിരോധ മാർഗം കൂടിയാണ്. ഇണയേയും ഇരയേയും ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും സൂഷ്മജീവികൾ ഈ വെളിച്ചം പ്രയോജനപ്പെടുത്തുന്നു.  'തണുത്ത വെളിച്ചം' എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കടലിനോട് ചേർന്ന കായൽ തീരങ്ങളിലാണ് ' ബയോലൂമിനസെൻസ് ' കൂടുതലും ദൃശ്യമാകുക.