guruvayur-padmanabhan-last

ആനപ്രേമികളും വിശ്വാസികളും ഗുരുവായൂരപ്പന്റെ മാനസപുത്രൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പത്മനാഭന് ആയിരങ്ങളുടെ യാത്രാമൊഴി. ഗുരുവായൂരിലെ മറ്റ് ആനകളും ആദരങ്ങളോടെയാണ് പത്മനാഭന്  വിട നൽകിയത്. ആനപിടിത്തം സജീവമായിരുന്ന കാലത്താണു നിലമ്പൂർ കാട്ടിൽ നിന്നു പത്മനാഭൻ കുന്നിറങ്ങി വരുന്നത്. പക്ഷേ, ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാരെയൊക്കെ കബളിപ്പിച്ചുള്ള വരവ്. കൂട്ടം തെറ്റി മനുഷ്യവാസ മേഖലയിൽ വന്നായിരുന്നു ആ നിൽപ്പ്. പിന്നിങ്ങോട്ട് മനുഷ്യവാസം പത്മനാഭനു ചുറ്റുമായി. ദൈവചൈതന്യം നിറയുന്ന ആന എന്ന പേരിലാണ് പത്മനാഭൻ അറിയപ്പെട്ടത്. 

ഗുരുവായൂർ പത്മനാഭന്റെ ജീവിതം

ജനവാസമേഖലയിൽ എത്തിയ നിലമ്പൂരിന്റെ തലയെടുപ്പുള്ള ആനയെ പിടികൂടി. ആലത്തൂരിലുള്ള സ്വാമിയുടെ അടുത്തേക്ക് എത്തിച്ചു. ആനക്കുട്ടിയുടെ അഴകു കണ്ട് സ്വാമി അമ്പരന്നു. ആനക്കച്ചവടത്തിനു വിടാതെ, എങ്ങോട്ടും വിടാൻ തയാറല്ലെന്നു പ്രഖ്യാപിച്ചു സ്വാമി ഒപ്പം നിർത്തി. ഇ.പി. ബ്രദേഴ്സ് എന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമകളുടെ വീട്ടിലെ മുത്തശി അസുഖം മാറിയാൽ ഗുരുവായൂരപ്പന് മാങ്ങാമാല നൽകാമെന്നു നേർച്ച നേർന്നിരുന്നു. എന്നാൽ, ജ്യോത്സ്യന്റെ വാക്ക് അതു മാത്രം പോരാ എന്നായി. അസുഖം മാറിയില്ലേ, ഒരു ആനയെ നടയിരുത്തണമെന്നായിരുന്നു ജ്യോത്സ്യന്റെ നിർദേശം.

അങ്ങനെ ആനയെത്തപ്പി ഇറങ്ങിയ ഇ.പി.ബ്രദേഴ്സ് ആലത്തൂർ സ്വാമിയുടെ അടുത്തെത്തി. കൂട്ടത്തിലെ ഏറ്റവും കേമനായ ആനയെ വേണം, ഗുരുവായൂരപ്പനു കൊടുക്കാനാണ് – ആവശ്യം അറിയിച്ചു. സ്വാമി ആദ്യം മടിച്ചു. ‘ഗുരുവായൂർ കണ്ണൻ’ വിടുമോ, ഒടുവിൽ, സ്വാമിക്കു സമ്മതിക്കേണ്ടി വന്നു. അങ്ങനെ പേരിനോടൊപ്പം ‘ഏത് ആനയും കൊതിക്കുന്ന’ ഗുരുവായൂർ എന്ന  വിശേഷണം ചാർത്തിക്കിട്ടി. 

എരാണ്ടത്ത് പുത്തൻവീടിനെ മറക്കാത്ത പത്മനാഭൻ

ഗുരുവായൂരിൽ നടയിരുത്തിയ ശേഷവും ഒറ്റപ്പാലം വഴിയുള്ള യാത്രകളിലൊക്കെയും പത്മനാഭൻ  എരാണ്ടത്തു പുത്തൻവീടുമായുള്ള ആത്മബന്ധം പുതുക്കിയിരുന്നു. അങ്ങനെയൊരു യാത്രയ്ക്കിടെയാണു പാപ്പാൻമാരുടെ നിർദേശത്തിനു ചെവിയോർക്കാതെ, പാതയോരത്തെ തുറന്നു കിടക്കുന്ന ഗേറ്റിലേക്കു തിരിഞ്ഞ് ആന കൃത്യമായി ആ വീട്ടു മുറ്റത്തു ചെന്നു നിന്നത്. വർഷങ്ങൾക്കു മുൻപ് ഉത്സവസ്ഥലത്തേക്കു ലോറിയിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ കൊമ്പനെ ഈ മുറ്റത്തേയ്ക്കു കൊണ്ടുവന്നു. പ്രയാസം പരിഗണിച്ചു ലോറിയിൽനിന്നു താഴെയിറക്കുന്നില്ലെന്നു മനസ്സിലാക്കിയ പത്മനാഭൻ കണ്ണീരണിഞ്ഞു നിന്നതും ഗുരുവായൂരിൽ കാണാൻ ചെന്നാൽ സ്നേഹത്തോടെ ചേർന്നു നിൽക്കാറുള്ളതുമൊക്കെ  ഒറ്റപ്പാലത്തെ ‘ഇപി ബ്രദേഴ്സ്’ കുടുംബാംഗങ്ങൾ അനുസ്മരിക്കുന്നു. 

പാലക്കാട്ടെ ആദ്യകാല ആനയുടമ ആലത്തൂർ സ്വാമിയുടെ കണ്ണിലുണ്ണിയായിരുന്നു നിലമ്പൂർ കാട്ടിൽ നിന്നെത്തിയ ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ. നിലമ്പൂർ കോവിലകത്തുനിന്ന് ആലത്തൂരിലെത്തിയ ആനക്കുട്ടിയെ ഗുരുവായൂരപ്പനു സമർപ്പിക്കാൻ ഇ.പി. അച്യുതൻ നായരും ഇ.പി. മാധവൻ നായരും വാഗ്ദാനം ചെയ്തതു മോഹവിലയാണ്. പക്ഷേ, സ്വാമി വിൽക്കാൻ  മടിച്ചു. ഗുരുവായൂരപ്പനു നടയിരുത്താനാണെന്നു പറഞ്ഞിട്ടും വഴങ്ങാതിരുന്ന ആലത്തൂർ സ്വാമി, രാത്രി ഉറക്കത്തിനിടെ കണ്ട സ്വപ്നത്തിന്റെ പേരിലാണു പിന്നീട്  ആനയെ കൈമാറിയതെന്നാണ് ഇപി കുടുംബത്തിലെ പിൻമുറക്കാരുടെ കേട്ടുകേൾവി.

16,000 രൂപ നൽകി ആലത്തൂരിൽ നിന്ന് ഇപി തറവാട്ടിലെത്തിച്ച കൊമ്പനെ 1954ൽ കുടുംബം ഗുരുവായൂരിൽ നടയ്ക്കിരുത്തി. അന്ന് ആനയ്ക്കു 14 വയസ്സ്. അച്യുതൻ നായരുടെയും മാധവൻ നായരുടെയും അമ്മ ലക്ഷ്മി അമ്മയുടെ വഴിപാടായിരുന്നു നടയ്ക്കിരുത്തൽ. പണ്ട്, തിരുവിതാംകൂർ മഹാരാജാവ് നടയിരുത്തിയ ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞതിനു പിന്നാലെയെത്തിയ കൊമ്പനു ക്ഷേത്രം അതേ പേരുനൽകി. പിൽക്കാലത്തു പത്മനാഭൻ, സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻഗാമിയായും കണ്ണന്റെ പ്രതിരൂപമായും അറിയപ്പെട്ടു. ഗജവീരന് അന്ത്യോപചാരം അർപ്പിക്കാൻ ഇപി കുടുംബാംഗങ്ങൾ ഇന്നലെ ഗുരുവായൂരിലെത്തിയിരുന്നു.