കലവൂർ : വർണങ്ങളുടെ പീലി വിടർത്തിയാടാനും കുട്ടികൾക്കൊപ്പം കളിക്കാനും അപ്പു ഇനിയില്ല, മണ്ണഞ്ചേരിക്കാരുടെ അരുമയായ അപ്പുവെന്ന ആൺ മയിലിലാണ് വാഹനമിടിച്ചു പരുക്കേറ്റു ചത്തത്. ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും കയറിയിറങ്ങുകയും സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം പീലി വിടർത്തി കളിക്കുകയും ചെയ്യുമായിരുന്നുവെന്നു നാട്ടുകാർ ഓർക്കുന്നു. മണ്ണഞ്ചേരി മനയ്ക്കൽ ദേവി ക്ഷേത്രത്തിലായിരുന്നു സ്ഥിരവാസം.

 

ആറ് വർഷം മുമ്പു സമീപത്തെ കോഴി ഫാമിലെ ഇൻകുബേറ്ററിൽ മുട്ട വിരിയിച്ചെടുത്തപ്പോൾ കൂട്ടത്തിൽ കിട്ടിയതാണ് അപ്പുവിനെ. വ്യത്യസ്തമായ ഇനത്തെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതിനെ ധാന്യങ്ങളും മറ്റും നൽകി പരിപാലിക്കുകയായിരുന്നു. ആളുകളുമായി അടുപ്പം പുലർത്തിരുന്ന മയിൽ ക്ഷേത്രത്തിനു മുന്നിലെ ആൽമരച്ചുവട്ടിലെ കൊടിമരത്തിലാണു പതിവായി വിശ്രമിക്കാറ്.

 

ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യവും മറ്റ് ധാന്യങ്ങളുമാണു പ്രധാന ഭക്ഷണം. മണ്ണഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കിടയിലും കളിക്കാൻ എത്തിയിരുന്നു. റോഡരികിൽ പീലി വിടർത്തിയാടുന്നതും പതിവു കാഴ്ചയായിരുന്നു. തിങ്കൾ രാത്രി ക്ഷേത്രത്തിന് സമീപത്താണു മയിലിനെ അവശ നിലയിൽ കണ്ടെത്തിയത്. നാ‌ട്ടുകാർ അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറ്റെടുത്തിരുന്നു