വിജയ്ക്കെതിരെ ഉയർന്ന മതപരിവര്‍ത്തന വിവാദത്തിന് മറുപടിയുമായി അദ്ദേഹത്തിന്റെ പിതാവ് രംഗത്ത്. ഒരു അഭിമുഖത്തിലാണ് എസ്.എ ചന്ദ്രശേഖര്‍ മതപരമായ വിഷയങ്ങളിൽ കുടുംബത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ആരോപണങ്ങളിലും വിവാദങ്ങളും വിജയ് നിറഞ്ഞുനിൽക്കുകയാണ്. വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ക്കെതിരെ മതപരിവര്‍ത്തന വിവാദം ഉന്നയിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഇതിനെകുറിച്ച് വിജയ്‌യുടെ പിതാവിന്റെ മറുപടി ഇങ്ങനെ.
‘ഞാനൊരു ക്രിസ്ത്യനാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുവും. പക്ഷേ മതപരമായ വിഷയത്തിൽ ഞങ്ങൾ പരസ്പരം ഇടപെടാറില്ല. ജീവിതത്തില്‍ ഒരുവട്ടം ഞാന്‍ ജറുസലേമില്‍ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?’ രോഷത്തോടെ അദ്ദേഹം ചോദിച്ചു.
മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നുമായിരുന്നു വാദം. വിജയ് സേതുപതി, ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പോയി പണിനോക്കെടാ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.