തൃക്കൂർ: ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ മുന്നറിയിപ്പുസൂചനയില്ലാത്ത ഹംപിൽ തട്ടി തലയടിച്ചു വീണു പരുക്കേറ്റ യുവതി മരിച്ചു. മകളുടെ പിറന്നാൾ ദിവസമായിരുന്നു അപകടം. കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയാണ് (26) മരിച്ചത്. ചൊവ്വ രാവിലെയായിരുന്നു അപകടം. ജിഎൽപി സ്‌കൂളിനു സമീപത്തെ ഹംപിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടൻ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും കാവ്യ ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം നടത്തി.
ഭർത്താവ് ദിലീഷിനും മകൾ 2 വയസ്സുകാരി മകൾ അവനിക്കും നിസ്സാര പരുക്കേറ്റിരുന്നു. ഇവർ ആശുപത്രി വിട്ടു. അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. ഇതിനുള്ള ഒരുക്കത്തിനിടയിലാണു മകളെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോകേണ്ടി വന്നത്. ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയിലെ നഴ്സാണ് കാവ്യ. ഗൾഫിൽ ഉദ്യോഗസ്ഥനായ ദിലീഷിന് ഈ റോഡുകളിൽ വാഹനമോടിച്ചുള്ള പരിചയം കുറവാണ്. അതുകൊണ്ടുതന്നെ വെളുത്ത വരകളിട്ട് അപകട സൂചന നൽകാത്ത ഹംപ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല.
തട’യാമായിരുന്നല്ലോ
യുവതിയുടെ മരണത്തിനിടയാക്കിയതു മുന്നറിയിപ്പില്ലാതെ റോഡിൽ സ്ഥാപിച്ച വേഗത്തട (ഹംപ്) .ജിഎൽപി സ്‌കൂളിനു സമീപം ഹംപിൽ കയറിയ ബൈക്കു മറിഞ്ഞാണു കല്ലൂർ പാലയ്ക്കപറമ്പ് കണിയാമാക്കൽ ദിലീഷിവിന്റെ ഭാര്യ കാവ്യ മരിച്ചത്.പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. സുഗമമായി യാത്രചെയ്യാവുന്ന മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളതു ശ്രദ്ധയിൽപ്പെടില്ല.
ഹംപിൽ മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞുപോയി. അപകടം നടന്നതോടെ നാട്ടുകാർ തന്നെ ഹംപിൽ വരകൾ വരച്ചു. ഇവിടെ അടുത്ത കാലത്തായി 30ലേറെ അപകടങ്ങൾ നടന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഈ റോഡിലൂടെ വാഹനമോടിച്ചു പരിചയമില്ലാത്ത വാഹനങ്ങളാണു ഹംപിൽ കയറി അപകടത്തിൽപെടുന്നത്. കാവ്യ യാത്ര ചെയ്തിരുന്ന ബൈക്ക് ഹംപിൽഅപ്രതീക്ഷിതമായി കയറിയപ്പോൾ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.
ഹംപ് നിയമം ഇതാണ്
ദേശീയ, സംസ്ഥാന പാതകളിൽ ഹംപ് ഇടാൻ അനുവാദമില്ല. മറ്റു റോഡുകളിൽ ഇടാം. പ്രധാന പാതയിലേക്കു വന്നു കയറുന്ന റോഡുകളിൽ ജംക്‌ഷനു തൊട്ടുമുൻപായി ഹംപ് ഇടാം. ഇതു വെളുത്ത വരകൾകൊണ്ടു മാർക്ക് ചെയ്യുകയും ഹംപ് എത്തുന്നതിനു മുൻപു ഹംപ് എന്നു കാണിക്കുന്ന മുന്നയിപ്പു ബോർഡ് സ്ഥാപിക്കുകയും വേണം. വേഗം കുറയ്ക്കേണ്ട സ്ഥലത്തു സ്ട്രിപ്പുകൾ ഇടാം. പരമാവധി 2 സെന്റീമീറ്റർ ഉയരത്തിലുള്ള സ്ട്രിപ്പുകളെ ഇടാനാകൂ. എത്ര സ്ട്രിപ് വേണമെന്നു അതതു സ്ഥലത്തെ പൊതുമരാമത്തു എൻജിനീയർമാർക്കു തീരുമാനിക്കാം