
ശങ്കരൻതമ്പിയുടെ രക്തത്തിനായി ദാഹിച്ചലയുന്ന നർത്തകിയായ നാഗവല്ലിയുടെ ദുരാത്മാവിനെ മണിച്ചിത്രത്താഴിൽ കണ്ടു. എന്നാൽ, ആലുംമൂട്ടിൽ മേടയ്ക്ക് പറയാനുള്ളത് കൊച്ചുകുഞ്ഞ് ചാന്നാൻ എന്ന കാരണവരുടെ അരുംകൊലയുടെ കഥയാണ്. കൊച്ചുകുഞ്ഞ് ചാന്നാൻ ആണ് ശങ്കരൻ തമ്പി എന്ന കഥാപാത്രത്തിന് പ്രചോദനമായത്.
ചാന്നാർ തറവാട്ടിലെ 11–ാമത്തെ കാർണവരായിരുന്നു കൊച്ചുകുഞ്ഞ് ചാന്നാൻ. ഇന്നത്തെ മേട പണിതത് കൊച്ചുകുഞ്ഞിന്റെ കാലത്താണ്. ഉഗ്രപ്രതാപിയായി കാർണവർ വാഴുന്ന കാലം. മേടയിൽ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായം തുടങ്ങാൻ പോകുന്നുവെന്ന് ഒരു ശ്രുതി പരന്നു.. ഇരുട്ടിന്റെ മറവിൽ ചതിയിലൂടെ കൊച്ചുകുഞ്ഞ് ചാന്നാർ എന്ന പ്രതാപശാലിയെ അവർ വെട്ടിനുറുക്കി. സുഹൃത്തിനെ വകവരുത്തിയ മൂത്തമരുമകന് രാജാവ് വധശിക്ഷ വിധിച്ചു. മുട്ടമെന്ന ഗ്രാമത്തെ നടുക്കിയ കൊലപാതകം പിന്നീട് മുത്തശ്ശിക്കഥയായി.
പഴങ്കഥകൾ കേട്ടുവളർന്ന ഗംഗയുടെ ഏവൂർ എന്ന ഗ്രാമത്തിനടുത്ത് തന്നെയാണ് ആലുംമൂട്ടിൽ മേടയുമുള്ളത്. ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങരയിൽ നിന്നും മവേലിക്കരയിലേക്ക് വരുന്ന വഴിയിൽ മുട്ടം എന്ന കൊച്ചുഗ്രാമത്തിൽ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മേട കാണാം. അരുകൊലയുടെ മൂകസാക്ഷിയായി ആലുംമൂട്ടിൽ മേട ഇന്നും നിലകൊള്ളുന്നു.... പോയകാല പ്രൗഢിയുടെ സ്മാരകമായി...