ഒന്നുകിൽ വിവിധ ടോൾ ഗേറ്റുകളിൽ ഏറെ നേരം ക്യൂനിന്നു പണം നൽകുക, അല്ലെങ്കിൽ 15 മിനിറ്റു ചിലവാക്കി ടോളുകൾക്കു ദേശീയ ടോക്കണായ ഫാസ്ടാഗ് വാങ്ങി വേഗം കടന്നുപോകുക. ഫാസ്ടാഗുണ്ടെങ്കിൽ പാസ് പരിശോധനയില്ല.എല്ലാ ടോളുകളിലും ഡിസംബർ ഒന്നുമുതൽ ഫാസ് ടാഗില്ലാത്തവർക്ക് ഒരു ക്യൂവിലൂടെ മാത്രമെ കടന്നു പോകാനാകൂ. ഇരു ദിശയിലേക്കും ഓരോ ക്യൂ. ടാഗില്ലാതെ ഫാസ്ടാഗ് ക്യൂവിൽ കയറിയാൽ ഇരട്ടി തുക നൽകണം.
എവിടെ കിട്ടും ?
ടോൾ പ്ലാസകളിലും 23 ബാങ്കുകളിലും ഫാസ്ടാഗ് കിട്ടും.
എന്തു ചെയ്യണം ?
വാഹനവുമായി ടോൾ പ്ലാസയിലെത്തണം. ആർസി ബുക്ക്, വിലാസം തെളിയിക്കുന്ന ആധാർകാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് എന്നിവയും കരുതണം. ടോൾ പ്ലാസയിൽ ഇതു നേരിട്ടു വാഹനത്തിൽ ഒട്ടിച്ചു നൽകുകയാണു ചെയ്യുന്നത്.പുതിയ വാഹനങ്ങൾക്കു വിതരണക്കാർതന്നെ ടാഗ് നൽകും.
ചെലവ്
500 രൂപയാണ് ചിലവ്. 200 രൂപ നിക്ഷേപവും 100 രൂപ ഫീസും 200 രൂപ ആദ്യത്തെ ടോൾ പ്രീപെയ്ഡ് ഫീസുമാണ്. തുടർന്ന് മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്ത് തുക കൂട്ടിക്കൊണ്ടിരിക്കണം. ടോൾ കടന്നു പോകുമ്പോൾ തുക കുറഞ്ഞുകൊണ്ടിരിക്കും.
ബാങ്കുകൾ
രണ്ടു തരത്തിലാണു ബാങ്കുകൾ ഇതു നൽകുന്നത്. ഓൺലൈനായും തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകൾ വഴിയും. വാഹനത്തിന്റെ 2 ഫോട്ടോയും തെളിവായ മറ്റു രേഖകളും ഓൺലൈനിൽ നൽകിയാൽ ബാങ്ക് അതൊരു പ്രത്യേക അക്കൗണ്ടാക്കും. തുടർന്നു ടാഗ് നിങ്ങൾക്ക് അയച്ചു തരും. ഈ അക്കൗണ്ട് മറ്റാവശ്യങ്ങൾക്കു ഉപയോഗിക്കാനാകില്ല. ഇതിലേക്കു തുക മാറ്റിക്കൊണ്ടിരുന്നാൽ ടാഗിലും തുക രേഖപ്പെടുത്തും.
ചില ബാങ്കുകൾ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിവരുന്നേയുള്ളു. അക്കൗണ്ടില്ലെങ്കിൽപ്പോലും ഇതു വാങ്ങാവുന്നതാണ്. നേരിട്ടു നൽകുന്ന ബ്രാഞ്ചുകളിൽ രേഖകളുമായി എത്തിയാൽ ഉടൻ ടാഗ് നൽകും. വാഹനം കൊണ്ടുപോകേണ്ടതില്ല. വാഹനത്തിന്റെ ഫോട്ടോ മൊബൈലിൽ എടുത്താൽ മതിയാകും. കാറിന്റെ ടാഗ് വാങ്ങി കൂടിയ ടോൾ നിരക്കുള്ള വലിയ വാഹനങ്ങൾക്ക് ഒട്ടിച്ചാൽ അതു കണ്ടെത്താൻ ടോൾ പ്ലാസകളിൽ പ്രത്യേക ക്യാമറ സംവിധാനമുണ്ട്.