കൊതുക് ശല്യം സഹിക്കാൻ വയ്യാതായി ഭർത്താവിനെ ഉലക്കകൊണ്ടടിച്ച് ഭാര്യയും മകളും. അഹമ്മദബാദിലാണ് സംഭവം. ഭൂപേന്ദ്ര ലൂവ എന്ന വ്യക്തിയാണ് കൊതുകുകൾ കാരണം ഭാര്യ സംഗീതയുടെയും മകൾ ശീതളിന്റെയും അടികൊണ്ടത്.
അഹമ്മദബാദിൽ എൽഇഡി ലൈറ്റിന്റെ കച്ചവടമാണ് ഭൂപേന്ദ്രയ്ക്ക്. കുറച്ചുനാളായി കച്ചവടം മോശമായതിനെത്തുടർന്ന് സാമ്പത്തികപ്രതിസന്ധിയിലാണ് കുടുംബം. സാമ്പത്തികപരാധീനതകൾ വർധിച്ചതോടെ വൈദ്യുതി ബിൽ അടയ്ക്കുന്നത് മുടങ്ങി. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഫാനില്ലാത്തതുകാരണം കുടുംബം കൊതുകിന്റെ ശല്യത്തിൽ വലയുന്നുണ്ടായിരുന്നു. ഭർത്താവിനോട് ഇതിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഏതാനും ദിവസം മുൻപ് ഇവർ വീണ്ടും കൊതുക് കടിയെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ വീണ്ടും തമാശപറഞ്ഞ് ഭൂപേന്ദ്ര പ്രശ്നം നിസാരവത്കരിച്ചു. ഇതോടെ ഭാര്യയും മകളും രോഷാകുലരായി. ഭാര്യ നേരെ അടുക്കളയിൽച്ചെന്ന് ഉലക്ക എടുത്തുകൊണ്ടുവന്ന് ഭൂപേന്ദ്രയെ തല്ലി. ഇതുകണ്ട് മകളും ഒപ്പം കൂടി. ഇയാളുടെ നിലവിളികേട് ഓടിയെത്തിയ അയൽവാസികളാണ് അടിയിൽ നിന്നും രക്ഷിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭൂപേന്ദ്രയ്ക്ക് ആറുസ്റ്റിച്ചുകളുണ്ട്. സംഗീതയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു.