ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണുവിന്റെ ജീവിതകഥ രണ്ടു ദിവസമായി മലയാളികളുടെ അകം പൊള്ളിക്കുകയാണ്. മാലിന്യ വീപ്പകളിലും റെയിൽവേപാളങ്ങൾക്കു സമീപവും കഴിഞ്ഞ 4 ദിവസമായി വിഷ്ണുപ്രസാദ് എന്ന ഈ ചെറുപ്പക്കാരൻ നഗരത്തിൽ തിരഞ്ഞു നോക്കാത്ത മാലിന്യവീപ്പകളില്ല. റോഡിനും റെയിൽവേ പാളങ്ങൾക്കും വശങ്ങളിലുള്ള പൊന്തക്കാടുകൾ മുഴുവൻ അരിച്ചു പെറുക്കുകയാണ് ഈ ചെറുപ്പക്കാരൻ. ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ശരിയായ വിഷ്ണുപ്രസാദിന് അവിടെ ജോലിക്കു കയറണമെങ്കിൽ സമർപ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളുമെല്ലാം അടങ്ങിയ ബാഗ് കഴിഞ്ഞ 10ന് ആണ് റെയിൽവേ സ്റ്റേഷനിൽ മോഷ്ടിക്കപ്പെട്ടത്. മനോരമ ന്യൂസ് ആണ് വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ജർമനിയിൽ നിയമനം നേടുന്നതു വരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരിൽ നിന്ന് എത്തിയതായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു ശേഷം കൊച്ചിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 6 വർഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണു ജർമനിയിൽ ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടത്.
10ന് രാവിലെ 10.15ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയിൽ കയറി. അവിടെ വിശ്രമം തുടങ്ങി മിനിറ്റുകൾക്കകമാണ് ബാഗ് പോയത്. സ്റ്റേഷൻ മുഴുവൻ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകൾ പരിശോധിക്കാൻ തുനിഞ്ഞപ്പോൾ സ്റ്റേഷനിലെ പല ക്യാമറകളും പ്രവർത്തനക്ഷമമല്ല. സ്റ്റേഷനിൽ ഫുഡ് കോർണറിനു സമീപമുള്ള പ്രവർത്തനക്ഷമമായ സിസിടിവിയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിട്ടുണ്ട്.
ഇപ്പോൾ വിഷ്ണുവിന് പിന്തുണയുമായി നടൻ സണ്ണി വെയ്നും രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പരമാവധി ആളുകളിലേക്കെത്തിക്കണമെന്ന് സണ്ണി വെയ്ൻ ഫെയ്സ്ബുക്കിലൂടെ അഭ്യർഥിച്ചു.
സണ്ണി വെയ്നിന്റെ കുറിപ്പ്:
''Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും''.