കഴുത്തിലെ ഒരു ചെറിയ മറുക് മൂലം ജീവിതത്തിൽ പെർത്ത് സ്വദേശിയായ റയാന്‍ ഗ്ലോസാപിനെ കാത്തിരുന്ന ദുരിതങ്ങളേറെയാണ്. ചെറിയ മറുകിൽ അസ്വാഭാവികമായി ഒന്നും കാണാതിരുന്നതിനാല്‍ റയാന്‍ അവഗണിച്ചത്. പിന്നീടാണ് അത് മെലനോമ അഥവാ സ്കിന്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ നാലു ശസ്ത്രക്രിയകളും 40 ബയോപ്സികളും കഴിഞ്ഞു. കഴുത്തിനു പിന്നിലെയും പുറകുവശത്തെയും കുറച്ചധികം ചര്‍മവും നീക്കം ചെയ്യേണ്ടി വന്നു.
തങ്ങളുടെ ജീവിതം മാറ്റിയ ആ ചെറുമറുകിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഫാലന്‍ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. 2018 ലാണ് റയാന്‍ കാന്‍സര്‍ ബാധിതനാണ് എന്ന് സ്ഥിരീകരിച്ചത്. Nevus spilus എന്ന കുഞ്ഞന്‍ മറുകുകള്‍ ആണ് ആദ്യം റയാനിലുണ്ടായത്. ഇതാണ് ചർമാർബുദമായത്.
സ്കിന്‍ കാന്‍സര്‍ ഏറ്റവുമധികം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളില്‍ ഒന്നാണ് കഴുത്തിന്റെ പിന്‍ഭാഗം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലമായതിനാല്‍ ആകണം ഇത്. SPF 30+ ചേര്‍ന്ന സണ്‍സ്ക്രീന്‍ ലോഷന്‍ ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടങ്ങളില്‍ പുരട്ടേണ്ടതിനെപ്പറ്റിയാണ് ഫാലന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
തങ്ങളുടെ അനുഭവം എല്ലാവർക്കും ഒരു മുന്നറിയിപ്പാണെന്നും അവര്‍ പറയുന്നു. ചർമ രോഗവിദഗ്ധന്റെ കീഴില്‍ സ്കിന്‍ ചെക്കപ് ചെയ്യേണ്ട ആവശ്യവും എല്ലാ മാസവും ശരീരം സ്വയം പരിശോധിക്കേണ്ട ആവശ്യവും അവഗണിക്കരുതെന്നും ഈ സംഭവം വഴി ഓർമപ്പെടുത്തുന്നു. എല്ലാ മറുകുകളും കാൻസർ ആകണമെന്നില്ല.