തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനുവേണ്ടിയുള്ള പ്രാർഥനയിലാണ് വീടും നാടുമെല്ലാം. സുജിത്ത് എന്ന രണ്ടരവയസുകാരൻ കുഴൽക്കിണറിൽ വീണിട്ട് 90 മണിക്കൂറായി. രക്ഷാപ്രവർത്തനത്തിനൊപ്പം രാപ്പകൽ നിൽക്കുന്ന കാരൂർ എംപി ജോതിമണി സമൂഹമാധ്യമങ്ങളില്‍ പ്രശംസയ്ക്ക് പാത്രമാകുകയാണ്. വീട്ടുകാർക്ക് താങ്ങായി വെറുംനിലത്ത് അവർക്കൊപ്പം ഇരിക്കുന്ന എംപിയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും ആത്മബലം നൽകി ജോതിമണി ഒപ്പം തന്നെയുണ്ട്. 

 

ഈ ദുരിതത്തിന് എന്നാണ് അവസാനം, നമ്മുടെ എത്രയെത്ര കുട്ടികളാണ് കുഴൽക്കിണറിൽ വീണിരിക്കുന്നത്. ഇതൊരു ഗുരുതര പ്രശ്നമാണെന്ന് ഇനി എന്നാണ് തിരിച്ചറിയുന്നതെന്നും ജോതിമണി ട്വീറ്റ് ചെയ്തു. ജോതിമണിയുടെ നാട്ടുകാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നുള്ള പ്രവര്‍ത്തനത്തെ പ്രശംസിച്ച് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീഡിയ സെല്‍ സ്റ്റേറ്റ് സെക്രട്ടറി നൌഷാദ് ട്വിറ്റ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി ഭേദമന്യെ ജനാംഗീകാരം സ്വന്തമാക്കിയ ആളാണ് കോണ്‍ഗ്രസിന്‍റെ ഈ പാര്‍ലമെന്‍റംഗം. 

 

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.