ഈ ദീപാവലി ദിനത്തിൽ തമിഴ്നാട് ഒന്നാകെ പ്രാര്‍ഥനയിലാണ്. രണ്ടര വയസ്സുകാരന്റെ ജീവനായി. തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസുകാരൻ സുജിത്തിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 100 മീറ്റര്‍ ആഴത്തിൽ മൂന്ന് മീറ്റർ വ്യാസമുള്ള സമാന്തര കിണർ  കുഴിച്ച് കുട്ടിയുടെ അടുത്തെത്താനാണ്  ശ്രമം. 

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പല കാലങ്ങളായി കുട്ടികൾ കുഴൽ കിണറുകളിലും കിണറുകളിലും വീഴുന്നുവെന്ന വാർത്തകൾ ഉണ്ടാകാറുണ്ട്. ഈ വാർത്തകൾ കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് പക്ഷേ ഒരു സിനിമയാണ്. 1990–ൽ ജോൺപോൾ രചിച്ച് ഭരതന്റെ സംവിധാനത്തിൽ എത്തിയ ചിത്രം 'മാളൂട്ടി'. സിനിമ കണ്ട ആർക്കും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അതിലെ രംഗങ്ങൾ മനസ്സിലേക്ക് വരാതിരിക്കില്ല. ജയറാം,  ഉർവശി, ബേബി ശ്യാമിലി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. 

കുടുംബത്തിൽ നിന്നും അകന്ന് മറ്റൊരു സ്ഥലത്ത് അവധി ആഘോഷിക്കാനെത്തുന്ന കുടുംബം. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തെറ്റിയപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടി ആഴമുള്ള കിണറിലേക്ക് വീഴുന്നു. പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങളും കുഞ്ഞിനെ പുറത്തെടുക്കലുമാണ് മാളൂട്ടി പറയുന്നത്. തീർത്തും സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രത്തിൽ കഥാപാത്രങ്ങളായി നടീനടന്മാർ ജീവിക്കുകയായിരുന്നു. അതിഭാവുകത്വങ്ങളോ നാടകീയതയോ ഇല്ലാതെ അമ്മ മനസ്സിന്റെ വേദന ഉർവശി കൈകാര്യം ചെയ്തത് എടുത്തു പറയണം. 

സിനിമയിൽ കുട്ടി അവസാനം രക്ഷപെടുന്നത് കാണുമ്പോള്‍ പ്രേക്ഷകനും ആശ്വസിക്കുന്നുണ്ട്. ഒരു കുഞ്ഞിനും ഈ അനുഭവം ഉണ്ടാകരുതെന്ന് പ്രാര്‍ഥിക്കുന്നുണ്ട് . 2017–ൽ പുറത്തിറങ്ങിയ നയൻതാര പ്രധാന വേഷത്തിലെത്തിയ 'അറം' എന്ന ചിത്രവും സമാനമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ 'മാളൂട്ടി' പുറത്തിറങ്ങി 30 വർഷത്തോളം ആകുമ്പോഴും സ്ഥിതിഗതികൾക്ക് മാറ്റമില്ല. മൂടാത്ത കിണറുകളും കുഴികളും കുഴൽകിണറുകളും ഇന്നും നിലനില്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ അധികാരികളുടെ കണ്ണുകൾ മാത്രം തുറപ്പിക്കുന്നില്ല. സുജിത്തിനായുള്ള രക്ഷാപ്രവർത്തനം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്നലെ പുലർച്ചെക്കു ശേഷം കുട്ടിയുടെ  ചലനങ്ങൾ കാണാനാകാത്തത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് വാർത്ത.