firoz-ostrich-egg

പാലക്കാട്ടെ പച്ചപ്പിൽ പാചക പരീക്ഷണങ്ങൾ നടത്തി ഹിറ്റാക്കിയ ശേഷം ഇപ്പോഴിതാ ഫിറോസ് ചുട്ടിപ്പാറ മരുഭൂമിയിലുള്ള സുഹൃത്തുകൾക്കായി പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ്. പാലക്കാട്ട് സാധാരണ മുട്ടകൊണ്ടുള്ള ഏറ്റവും വലിയ ഓംലറ്റ് ഫിറോസ് ഹിറ്റാക്കിയതെങ്കിൽ മരുഭൂമിയിൽ പരീക്ഷണം ഒട്ടകപക്ഷിയുടെ മുട്ടകൊണ്ട് നടത്താം.. ഒരു മുട്ട തന്നെ പതിനഞ്ചു പേർക്ക് കഴിക്കാൻ സാധിക്കും. 60 ദിർഹമാണ് ദുബായ് മാർക്കറ്റിൽ ഈ മുട്ടയുടെ വില, ഏകദേശം 1200 രൂപ. ഭക്ഷണപ്രിയർ എന്നെങ്കിലുമൊരിക്കൽ കഴിക്കേണ്ട വിഭവമാണിതെന്ന് ഫിറോസ് പറയുന്നു. 

അഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറക്കാരൻ ഫിറോസ് വില്ലേജ് ഫുഡ് ചാനൽ എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്. ഗൾഫിലെ ജോലി അവസാനിപ്പിച്ച് ഇങ്ങനെയൊരെണ്ണം തുടങ്ങിയാൽ ജീവിക്കാനുള്ള വഴിയുണ്ടാകുമോയെന്ന സംശയം വീട്ടുകാർക്കുണ്ടായിരുന്നു. പക്ഷെ ഫിറോസിന് എവിടെയെങ്കിലും എത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

പാലക്കാടൻ ഗ്രാമഭംഗിയുടെ പശ്ചാത്തലത്തിൽ മൂന്ന് അടുപ്പുകല്ലിലാണ് ഫിറോസിന്റെ നാടൻ പാചകം.  പാലക്കാടൻ മലയാളത്തിന്റെ കൗതുകത്തോടൊപ്പം പാടവരമ്പിലെ വാചകവും പാചകവും അടിയിൽ പിടിക്കാതെ കാഴ്ചക്കാർ ഏറ്റെടുത്തു. 

പ്രവാസിയായിരുന്ന കാലത്തു കൂട്ടുകാർക്കു ഭക്ഷണമുണ്ടാക്കിയ പരിചയവുമായാണ് ഫിറോസ് പാചകത്തിലേക്ക് തിരിഞ്ഞത്. പക്ഷേ, പാടവരമ്പിൽ കൂട്ടിയ ആ മൂന്നു കല്ലിൽ ഫിറോസിന്റെ രാശി തെളിഞ്ഞു. 20 കിലോ തൂക്കമുള്ള മീൻ കൊണ്ട് കറിയും 50 മുട്ടകൾ കൊണ്ട് ഓംലറ്റും ഇറച്ചിച്ചോറും ബിരിയാണിയുമൊക്കെ ഫിറോസിന്റെ ഫാൻസ്‌ ഏറ്റെടുത്തു. ഈ പുതിയ വിഡിയോയും ഭക്ഷണപ്രിയർക്കിടയിൽ ഹിറ്റാണ്.