ഇന്നത്തെ കാലത്ത് വിവാഹ വിഡിയോയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് പ്രീവെഡിങ്-പോസ്റ്റ് വെഡിങ് വിഡിയോകൾ. ഈ വിഡിയോകൾ ഏതൊക്കെ രീതിയിൽ വ്യത്യസ്തമാക്കാമോ അതിനുവേണ്ടി എന്ത് ചെയ്യാനും ദമ്പതികൾ തയാറാണ്. ഇത്തരത്തിൽ ഒരു പ്രീവെഡിങ് വിഡിയോ കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് രാജസ്ഥാനിലുള്ള ധൻപത് എന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ജോലിയുമായി ബന്ധപ്പെടുത്തിയാണ് ധൻപതും പങ്കാളിയും( ഇപ്പോൾ ഭാര്യ) വിഡിയോ പുറത്തിറക്കിയത്. പൊലീസ് യൂണിഫോമിലുള്ള ധൻപത് ഭാര്യ ഹെൽമെറ്റ് വെയ്ക്കാതെ സ്ക്കൂട്ടർ ഓടിച്ചെത്തുമ്പോൾ കൈകാട്ടി നിർത്തുന്നു. ഫൈനടയ്ക്കാൻ പറയുമ്പോൾ ഭാര്യ പ്രണയപൂർവ്വം അരികിലെത്തി ഒരു തുക പോക്കറ്റിൽവെച്ച് കൊടുക്കുന്നു. എന്നിട്ട് അവർ വണ്ടിയോടിച്ച് പോകുമ്പോഴാണ് തന്റെ പോക്കറ്റിലിരുന്ന പേഴ്സ് അടിച്ചുമാറ്റിയതെന്ന് അറിയുന്നത്. പിന്നാലെ എത്തിയ ധൻപതും യുവതിയുമായി പ്രണയത്തിലാകുന്നു. കാണുന്നവർക്ക് വളരെ ക്യൂട്ടായി തോന്നിയ വിഡിയോ മേലധികാരികൾക്ക് അത്ര ക്യൂട്ടായി തോന്നിയില്ല.
ഈ വിഡിയോ വൈറലായതോടെയാണ് ധൻപത് പുലിവാൽ പിടിച്ചത്. യൂണിഫോം ദുരുപയോഗം ചെയ്തതും വിഡിയോയിലാണെങ്കിൽ കൈക്കൂലി വാങ്ങുന്നതായി കാണിക്കുന്നതും തൊഴിലിന്റെ മാന്യത കെടുത്തുന്നതാണെന്നും ഉന്നതാധികാരികൾ ആരോപിച്ചു. ഇതേ തുടർന്ന് ധൻപതിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് രാജസ്ഥാൻ പൊലീസ്. പൊലീസ് നിയമാവലി അനുസരിച്ച് യൂണിഫോം ഇതുപോലെയുള്ള വിഡിയോയ്ക്ക് ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്.