‘പ്രണയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പിന്നെ ഞങ്ങളുടെ പ്രണയം കാണുമ്പോൾ മാത്രം നിങ്ങൾ നെറ്റി ചുളിക്കുന്നത് എന്തിനാണ്?’- ചോദിക്കുന്നത് കേരളത്തിലെ ആദ്യ സ്വവർഗ പുരുഷ ദമ്പതികളായ നികേഷും സോനുവുമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ഇരുവരും വീട്ടുകാരുടെ ആശീർവാദത്തോടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരുവർഷം കഴിഞ്ഞു.
ഓണ്‍ലൈൻ ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിനാല് വര്‍ഷത്തോളം മറ്റൊരാളുമായി പ്രണയത്തിലായിരുന്നു നികേഷ്. ആ ബന്ധം തകർന്നതോടെ നിരാശയും മാനസികസമ്മർദ്ദവുമേറി. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾക്കിടെയാണ് സോനു ജീവിതത്തിലേക്ക് വരുന്നത്. ആ പ്രണയകഥ നികേഷ് മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെച്ചു.
‘സ്വവർഗാനുരാഗിയാണെന്ന് പറഞ്ഞപ്പോൾ എന്റെ അമ്മക്ക് ആദ്യമത് മനസ്സിലായതുപോലുമില്ല. പറഞ്ഞ് മനസ്സിലാക്കാൻ ഒരുപാട് സമയമെടുത്തു. പിന്നീട് ആദ്യപ്രണയം തകര്‍ന്നപ്പോൾ ഞാനനുഭവിച്ച വേദന അമ്മ നേരിൽക്കണ്ടു. അധികം വൈകാതെ അമ്മക്ക് എന്നെയും എന്റെ സ്വത്വത്തെയും ഉൾക്കൊള്ളാൻ സാധിച്ചു. സോനുവിനെ പരിചയപ്പെട്ട ശേഷം അമ്മയുടെ അടുത്ത് കൊണ്ടുപോയി. വിവാഹത്തിന് സമ്മതമറിയിച്ചു. അപ്പോഴും സമൂഹം എന്തുപറയും എന്ന പേടി അമ്മയ്ക്കുണ്ടായിരുന്നു, ഇപ്പോഴും ഉണ്ടായിരിക്കാം.
സോനുവും കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയാണ്. വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയതോടെ പേടി ഇരട്ടിയായി. ആ സമയത്താണ് എന്നെ പരിയപ്പെടുന്നത്. അങ്ങനെ വീട്ടിൽ ഇക്കാര്യം വെളിപ്പെടുത്താൻ തീരുമാനിച്ചു. സ്വവർഗാനുരാഗിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം പ്രശ്നങ്ങളുണ്ടായി. പിന്നീട് ഡോ. പിജെ ജോണിന്റെ സഹായത്തോടെ വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കി. കാര്യങ്ങൾ മനസ്സിലായതോടെ എന്നെ കാണണമെന്ന് സോനുവിന്റെ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെ രണ്ടാളും വീട്ടിൽ പോയി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി.
കൗമാരപ്രായത്തിലേ എന്റെ സ്വത്വം തിരിച്ചറിഞ്ഞയാളാണ് ഞാൻ. പക്ഷേ വീട്ടിലോ സുഹൃത്തുക്കളോടോ പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. വായിച്ച കഥകളും പുസ്തകങ്ങളും എല്ലാം പറഞ്ഞത് ആണും പെണ്ണും തമ്മിലുള്ള ആകർഷണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മാത്രമാണ്. കടുത്ത മാനസികസമ്മർദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്.
ലോകത്ത് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴാണ് സ്വവർഗാനുരാഗം എന്നത് ഒരു തെറ്റല്ലെന്നും തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്നും മനസ്സിലായത്. അന്നാണ് ആദ്യമായി ധൈര്യം തോന്നിയത്, സ്വയം ഉൾക്കൊള്ളാനും അംഗീകരിക്കാനും തോന്നിയത്.
ഇപ്പോഴും ഞങ്ങളെ അംഗീകരിക്കാൻ മടിയുള്ള ഒരുപാട് ആളുകളുണ്ട്. സ്വവര്‍ഗാനുരാഗം എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണത്. ആ തെറ്റിദ്ധാരണ മാറിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഞങ്ങൾക്കും ജീവിക്കാൻ അവകാശമുള്ള ഇടമാണിത്. കുറ്റപ്പെടുത്തുന്നവരുടെ കുടുംബത്തിലും സ്വവർഗാനുരാഗികളായ കുട്ടികളുണ്ടാകാം. അതോർമ്മ വേണം-നികേഷ് പറഞ്ഞു.
എറണാകുളം കാക്കനാട് ആണ് ഇരുവരും താമസിക്കുന്നത്. ബിസിനസ് ആണ് നികേഷിന്. സോനു ബിപിഒയിൽ ജോലി െചയ്യുന്നു.