അഹിന്ദുവായ ഡെലിവറി ബോയിയെ ഭക്ഷണവുമായി അയച്ചതിന് സൊമാറ്റോയുടെ ഓർഡർ റദ്ദാക്കി. ഉപഭോക്താവിന്‍റെ വിചിത്ര നടപടിക്ക് കമ്പനി നൽകിയ ഉചിത മറുപടി വൈറലാകുന്നു. അമിത് ശുക്ല എന്ന വ്യക്തിയാണ് കമ്പനിയുടെ ട്വിറ്ററിൽ ഭക്ഷണവുമായി അഹിന്ദുവായ ഡെലിവറി ബോയി എത്തിയതിനാൽ ഓർഡർ റദ്ദാക്കുന്നുവെന്ന് ട്വീറ്റ് ചെയ്തത്. 

 

‘കമ്പനിയോട് താൻ അഹിന്ദുവിനെ അയക്കരുതെന്ന് പറഞ്ഞിട്ട് അവർ അനുസരിച്ചില്ല. പോരാത്തതിന് എന്റെ പണം തിരികെ തരാൻ കൂട്ടാക്കിയതുമില്ല. എന്നാൽ പണം കിട്ടിയില്ലെങ്കിലും സാരമില്ല, ഈ ഭക്ഷണം എനിക്ക് ആവശ്യമില്ല. അതിന് ആരുടെയും സമ്മതം വേണ്ടല്ലോ..’ എന്നാണ് ട്വീറ്റിന്റെ പൂർണ്ണരൂപം. 

 

‘ഭക്ഷണത്തിന് പ്രത്യേക മതമില്ല. ഭക്ഷണം തന്നെ ഒരു മതമാണ്.' - ഇങ്ങനെയായിരുന്നു സൊമാറ്റോയുടെ മറുപടി. നിറകയ്യടിയോടെയാണ് സൈബർ ലോകം ഈ മറുപടി ഏറ്റെടുത്തത്. ഇതുപോലെയുള്ള ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്തൂടെ എന്നാണ് മറുപടി വായിച്ചവർ ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.