amboori-murder-exclusive

ദൃശ്യം സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതേ മോഡലിലുള്ള കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ ലിസ്റ്റിൽ പുതിയതായി ചേർക്കപ്പെട്ട ഒന്നാണ് അമ്പൂരിയിലെ രാഖി മോളുടെ കൊലപാതകം. ദൃശ്യത്തിൽ ജോർജ്കുട്ടിയുടെ കുറ്റം തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ ജീവിതത്തിൽ ജോർജ്കുട്ടിമാരായ ഓരോരുത്തരെയും പൊലീസ് തെളിവ് സഹിതം പൊക്കിയിട്ടുണ്ട്. മാനന്തവാടിയിൽ തമിഴ്നാട് സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം വീടിന്റെ ചായിപ്പിൽ കണ്ടെത്തിയത്, തലയോലപ്പറമ്പ് മാത്യു വധക്കേസ്, പള്ളിപ്പാട് രാജൻ കൊലക്കേസ് തുടങ്ങി ഒട്ടനവധി ദൃശ്യമോഡൽ കൊലപാതകങ്ങൾ പൊലീസ് തെളിയിച്ചിട്ടുണ്ട്. അതിവിദഗ്ധമായി ഈ മോഡൽ പിൻതുടർന്നാലും പൊലീസ് കേസ് തെളിയിക്കുന്ന വഴികളെക്കുറിച്ച് റിട്ടേർഡ് എസ്.പി ജോർജ് ജോസഫ് മനോരമന്യൂസ് ഡോട്ട്കോമിനോട് വിവരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ.

 

ദൃശ്യം സിനിമയ്ക്ക് ശേഷം അതേ രീതിയിലുള്ള ഒരുപാട് കൊലപാതകങ്ങൾ അരങ്ങേറുന്നുണ്ട്. അതിന്റെ പ്രധാനകാരണം ഈ രീതിയിൽ മൃതദേഹം മറവ്ചെയ്താൽ പിടിക്കപ്പെടില്ലെന്ന് അന്ധമായ വിശ്വാസമാണ്. എന്നാൽ ഏത് കൊലപാതകവും തെളിയിക്കാൻ പൊലീസ് സ്വീകരിക്കുന്ന ഒരു മാർഗമാണ് റീ കൺസ്ട്രക്ടീവ് തിയറി ( Reconstructive theory). ഒരു കൊലപാതകം നടന്നുകഴിഞ്ഞാൽ അതിന് മുൻപ് എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ യുക്തി ഉപയോഗിച്ച് ഒരു അനുമാനത്തിൽ എത്തും. ഇതിന്റെ ചുവടുപിടിച്ചായിരിക്കും തുടർന്നുള്ള അന്വേഷണം. പ്രതിയും ഇരയും സഞ്ചരിച്ച അതേ വഴിയിലൂടെ പൊലീസും അന്വേഷിച്ച് എത്തും. 

 

ഉദാഹരണം; തൊടുപുഴ കമ്പക്കാനത്ത് കൃഷ്ണനെയും കുടുംബത്തെയും ആഭിചാരത്തിന്റെ പേരിൽ കൊന്ന കേസ് ഉദാഹരണമായിട്ട് എടുക്കാം. ആ കേസിൽ മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് കുഴിച്ചിട്ടത്. വീട്ടിൽ രക്തം കഴുകിക്കളഞ്ഞ പാടുകളുമുണ്ടായിരുന്നു. സാധാരണ ബലി നൽകിയ ശേഷം രക്തം വീഴ്തി ശുദ്ധീകരിച്ച് കഴുകിക്കളയാറുണ്ട്. ആ ഒരു യുക്തിയിൽ നിന്നാണ് കൊലപാതകം ആഭിചാരമാകാമെന്ന സൂചന ലഭിക്കുന്നത്. 

 

അമ്പൂരി രാഖി വധക്കേസിന്റെ കാര്യത്തിലും ഇതേ തിയറി തന്നെയാണ് പൊലീസ് പ്രയോഗിച്ചത്. രാഖിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അഖിലുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാർ പറഞ്ഞു. തുടർന്ന് അഖിൽ ഈ സമയത്ത് നാട്ടിൽ ഉണ്ടോയെന്ന് പൊലീസ് തിരക്കി. ഉണ്ടെന്ന് അറിഞ്ഞപ്പോൾ അസ്വഭാവികമായിട്ട് എന്തെങ്കിലും കണ്ടോ എന്നതിലേക്കായി ചിന്ത. കൃഷിപ്പണി നടക്കുന്ന സ്ഥലത്ത് ആഴമേറിയ കുഴിയെടുക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ സംശയം ബലപ്പെട്ടു. കൊലപാതകം ചെയ്ത് പരിചയമില്ലാത്തവർ പൊതുവെ ഒരു മനുഷ്യനെ കുഴിച്ചിടാൻ പാകത്തിനായിരിക്കും കുഴിയെടുക്കുന്നത്. മണ്ണിന്റെ കിടപ്പ് കാണുമ്പോൾ തന്നെ ബുദ്ധിയുള്ള പൊലീസുകാർക്ക് മനുഷ്യനെ കുഴിച്ചിട്ടതാണെന്ന് മനസിലാകും. എല്ലാ രീതിയിലും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് രാഖിയെ നഗ്നയാക്കി ദേഹത്ത് ഉപ്പ് വിതറി കുഴിച്ചിട്ടത്. ഉപ്പ് ദേഹത്ത് ഇട്ടാൽ ശരീരം വേഗം പൊടിഞ്ഞുപോകും. എല്ലും മജ്ജയുമെല്ലാം പൊടിഞ്ഞ് മണ്ണിനോട് ലയിക്കും. കോട്ടൺ വസ്ത്രം ദ്രവിക്കാൻ സമയമെടുക്കും അതുകൊണ്ടാണ് വസ്ത്രങ്ങൾ ഇല്ലാതെ കുഴിച്ചിട്ടത്. 

 

പൊലീസിനെ വഴിതെറ്റിക്കാൻ പ്രയോഗിക്കുന്ന മറ്റൊരു മാർഗമാണ്  സിം മാറ്റിയിട്ടോ അല്ലാതെയോ ഫോൺ മറ്റ് എവിടെയെങ്കിലും കൊണ്ടുപോയിട്ട് ഇടുന്നത്. ജോർജ് കുട്ടി ലോറിയിൽ ഫോൺ എറിഞ്ഞുകളഞ്ഞതുപോലെ. സിനിമയിൽ മാത്രമേ ആ രീതിയിൽ ഫോൺ കളഞ്ഞാൽ പിടിക്കാതെയിരിക്കുകയുള്ളൂ. എന്നാൽ യഥാർഥ ജീവിതത്തിൽ ഫോൺ എവിടെവെച്ചാണ് ആക്ടീവായത്, സിം മാറിയത് എവിടെവെച്ചാണ് എന്നെല്ലാം കണ്ടുപിടിക്കാനുള്ള മാർഗങ്ങളുണ്ട്. ഐഎംഇഐ നമ്പർ ഓരോ ഫോണിലെയും വ്യത്യസ്തമായിരിക്കും. സിം പുതിയ ഫോണിലേക്ക് മാറ്റിയാലും ഐഎംഇഐ നമ്പർ വഴി നിഷ്പ്രയാസം ഫോണിന്റെ വഴി കണ്ടുപിടിക്കാൻ സാധിക്കും. അതുകൊണ്ട് സിം മാറ്റി ഫോൺ എറിഞ്ഞുകളയുന്ന രീതി ആവർത്തിച്ചാൽ പൊലീസ് പിടിക്കില്ലെന്നുള്ളത് മൂഢ ധാരണയാണ്- ജോർജ് ജോസഫ് പറഞ്ഞു.