deepa-new-fb-post-university-clg

യൂണിവേഴ്സിറ്റി കോളജിൽ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് വലിയ രോഷമാണ് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയർന്നത്. ഇതിന് പിന്നാലെ എസ്എഫ്ഐ നേതാക്കളെ തള്ളിപ്പറഞ്ഞ് നേതൃത്വവും സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമൂഹമാധ്യമങ്ങളിൽ എപ്പോഴും പഴി കേൾക്കാറുള്ള ദീപാ നിശാന്തിനെ ഇൗ സംഭവത്തിലും സൈബർ ലോകം ലക്ഷ്യമിട്ടിരുന്നു. ടീച്ചർ എന്താ പ്രതികരിക്കാത്തത് എന്ന് ചോദിച്ചായിരുന്നു കമന്റുകൾ. ഇതിന് പിന്നാലെ ദീപാ നിശാന്തിന്റെ പഴയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും കുത്തിപ്പൊക്കിയിരുന്നു.

അഭിമന്യു കൊല്ലപ്പെട്ടപ്പോൾ രോഷത്തോടെ ദീപ പങ്കുവച്ച കുറിപ്പാണ് ഇവർ കുത്തിപ്പൊക്കിയത്. ‘എന്തുതരം മനുഷ്യരാണ്. 20 വയസു മാത്രമുള്ള ഒരു കുട്ടിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കാൻ മാത്രം ഏത് പ്രാകൃത പ്രത്യയശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത്.’ അന്ന് ദീപ കുറിച്ചിരുന്നു. ഇൗ പോസ്റ്റിലെ വരികളെ ഇപ്പോഴത്തെ സംഭവങ്ങളുമായി ചേർത്ത് വച്ചാണ് ട്രോളുകൾ പ്രചരിച്ചത്. സംഭവത്തിൽ ദീപ പ്രതികരിച്ചില്ല എന്നതും ഇവർ എടുത്തുകാട്ടിയിരുന്നു. ഒടുവിൽ ഇൗ ട്രോളുകൾ തന്നെ പോസ്റ്റ് ചെയ്ത് ദീപ രംഗത്തെത്തി.

‘എന്റെ സകല പോസ്റ്റിന്റെ താഴെയും ഇതൊക്കെ കൊണ്ടുവന്നിട്ട് കഷ്ടപ്പെടണ്ട. ഞാൻ തന്നെയങ്ങ് ഇട്ടേക്കാം. ഹൊ! ലജ്ജിച്ച് മരിച്ച്.’ ട്രോളുകളും പഴയ പോസ്റ്റും പങ്കുവച്ച് ദീപ കുറിച്ചു.