dog-price
പണവും സ്വര്‍ണവും മാത്രമല്ല പട്ടിയെയും പൂച്ചയെയും വരെ കക്കും പുതിയ കാലത്തെ കളളന്‍മാര്‍. പക്ഷേ കക്കുന്നത് നാടന്‍ പട്ടിയെയും നാട്ടിലലയുന്ന പൂച്ചകളെയുമൊന്നുമാണെന്ന് കരുതരുത്. ലക്ഷം രൂപ വിലയുളള പട്ടികളെ കക്കാനാണ് കളളന്‍മാര്‍ ഇറങ്ങിയിരിക്കുന്നത്. എറണാകുളം കളമശേരി യൂണിവേഴ്സിറ്റി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വളര്‍ത്തുമൃഗ വില്‍പന കേന്ദ്രത്തില്‍ നിന്ന് പട്ടിക്കളളന്‍മാര്‍ കട്ടത് ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ മുതലാണ്.  

പറയുമ്പോള്‍ ഒരു പട്ടിയെയും രണ്ടു പൂച്ചകളെയും മാത്രമേ കളളന്‍മാര്‍ കൊണ്ടു പോയുള്ളൂ. കൊണ്ടു പോയ പട്ടിയുടെയും പൂച്ചകളുടെയും വിലയിലാണ് കാര്യം. ചൈനയില്‍ നിന്നെത്തിച്ച ചൗചൗ ഇനത്തില്‍പ്പെട്ട നായയാണ് കളവുപോയത്. വില ഒരു ലക്ഷം രൂപ. കളവു പോയ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചയൊന്നിന്‍റെ വിലയോ മുപ്പതിനായിരം രൂപയും. ഇക്കഴിഞ്ഞ ജൂണ്‍ പതിനാറിന് അര്‍ധരാത്രിയോടടുപ്പിച്ചായിരുന്നു കവര്‍ച്ച.   കടയുടെ പിന്നില്‍ വാതില്‍ കമ്പിപ്പാര കൊണ്ടു കുത്തിത്തുറന്ന ഹെല്‍മറ്റ് വച്ചു മുഖം മറച്ച രണ്ടു ചെറുപ്പക്കാര്‍ പട്ടിയെയും പൂച്ചകളെയും കട്ടുകൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ കടയില്‍ നിന്ന് മൃഗങ്ങളെ നഷ്ടപ്പെട്ട്  രണ്ടു ദിവസത്തിനുളളില്‍ സമീപത്തെ മറ്റൊരു വീട്ടില്‍ വളര്‍ത്തിയിരുന്ന പേര്‍ഷ്യന്‍ ക്യാറ്റും കളവുപോയി.

എന്തായാലും കളമശേരിയില്‍ നിന്ന് കളവു പോയ ചൗചൗ പട്ടിയെയും പേര്‍ഷ്യന്‍ പൂച്ചകളെയും വളര്‍ത്താന്‍ വേണ്ടിയാവില്ല കളളന്‍മാര്‍ കട്ടതെന്ന് കളമശേരി പൊലീസ് ഉറപ്പിക്കുന്നു.  മറ്റെവിടെയോ മറിച്ചു വില്‍ക്കുകയായിരുന്നു കളളന്‍മാരുടെ ലക്ഷ്യമെന്നാണ് നിഗമനം. അതുകൊണ്ട് അടുത്തെപ്പോഴെങ്കിലും ചൗചൗ നായയെയും പേര്‍ഷ്യന്‍ പൂച്ചകളെയും വാങ്ങാനിറങ്ങുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ വാങ്ങുന്നത് കളമശേരിയില്‍ നിന്ന് കളളന്‍ കൊണ്ടുപോയ മൃഗങ്ങളല്ലെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ പട്ടിയെ അന്വേഷിച്ചിറങ്ങിയിരിക്കുന്ന പൊലീസ് പട്ടിയെ മാത്രമാവില്ല കളവുമുതല്‍ വാങ്ങിയ േകസില്‍ പട്ടിയെ വാങ്ങിയവരെയും പൊക്കിയേക്കും. 

പട്ടിയെ കളളന്‍ കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണരൂപം കാണാം.