kudukka-sarbath-kozhikode

പല നാടിന്റെ രുചികളുടെ ഈറ്റില്ലമായ കോഴിക്കോട്ടങ്ങാടിയുടെ ഇഷ്ട പട്ടികയില്‍,, ഇനി എന്‍.ഐ.ടി പൂര്‍വ വിദ്യാര്‍ഥികളുടെ കുടുക്ക സര്‍ബത്തും. വലിയ കമ്പനികളില്‍ ജോലികിട്ടിയിട്ടും സര്‍ബത്ത് കട ഉപേക്ഷിക്കാതെ കോഴിക്കോടുകാരുടെ രുചിക്കൊപ്പം സഞ്ചരിക്കാനാണ് ഈ എന്‍ജിനീയറിങ് ബിരുദധാരികളുടെ പരിപാടി. ഫുള്‍ജാര്‍ സോഡക്കു പിന്നാലെയാണ്,, നാടിളക്കി കുടുക്ക സര്‍ബത്ത് അരങ്ങത്തെത്തുന്നത്. 

 

ബിരിയാണി കഴിച്ചോ, വാ സര്‍ബത്തു കുടിച്ചോളീ...എന്നാണ് കടയുടെ പേര് .സ്വന്തമായി നിര്‍മിച്ച നറുനീണ്ടി സര്‍ബത്ത്, കൃത്യ അളവില്‍ പാലൊഴിച്ചു മിക്സിയില്‍ ഒന്നു കറക്കി  കുഞ്ഞി കുടുക്കകളിലാക്കിയാണ്  ആവശ്യക്കാരിലേക്കെത്തുന്നത്.കോഴിക്കോട് എന്‍. ഐ.ടിയില്‍ നിന്ന് പഠിച്ചിറങ്ങിയ മൂന്ന് എന്‍ജീനിയറിങ് ബിരുദധാരികളാണ് കുടുക്ക സര്‍ബത്ത് വില്‍പ്പനക്ക് പിന്നില്‍‌. പഠന സമയത്ത് മനസില്‍ ഉദിച്ച ആശയമാണ് ഒരു ബിസിനസ് തുടങ്ങുകയെന്നത്. രുചി പ്രിയരായ കോഴിക്കോടുകാരുടെ മനസിലിരിപ്പറിഞ്ഞാണ് തുടക്കം. 

 

മൂന്നു പേര്‍ക്കും പഠന ശേഷം ജോലിയായി. കോഴിക്കോട് വിടണം. പക്ഷെ കട ഒഴിവാക്കാന്‍ ഒട്ടും താല്‍പര്യമില്ല.സര്‍ബത്തിനെകുറിച്ചറിഞ്ഞ് നിരവധി പേരാണ് രുചിയറിയാന്‍ എത്തുന്നത്.