വള്ളികുന്നം(ആലപ്പുഴ) : പേരു പോലെ സൗമ്യയായിരുന്നു; എങ്കിലും ദൃഢനിശ്ചയമുള്ളവൾ. മക്കളോടു വല്ലാത്ത അടുപ്പമായിരുന്നു. കാക്കി വേഷത്തിന്റെ ഗൗരവം നന്നായി പാലിച്ചിരുന്നു. ജോലിയിൽ തികഞ്ഞ കൃത്യനിഷ്ഠ. പൊലീസിൽ ചേർന്നെങ്കിലും മെച്ചപ്പെട്ട ജോലിയിലേക്കു പോകാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നന്നായി തയാറെടുത്തു തന്നെ പിഎസ്‍സി പരീക്ഷകളെഴുതിയിരുന്നു.
അങ്ങനെയൊരു പരീക്ഷയെഴുതി മടങ്ങിയതാണ് ഇന്നലെ. ഔദ്യോഗിക ആവശ്യത്തിനായി വള്ളികുന്നം സ്റ്റേഷനിലേക്കു പോകാനിറങ്ങിയപ്പോഴാണു പകയുടെ കൊടുവാളും തീയും സൗമ്യയ്ക്കു നേരേ വന്നത്. ചെറുക്കാനല്ല, ഓടിയകലാനാണു നോക്കിയത്. എന്നിട്ടും വീണുപോയി. അവൾ എരിഞ്ഞടങ്ങിയപ്പോൾ അമ്മയുടെ തണലില്ലാതായതു 3 കുഞ്ഞുങ്ങൾക്കാണ്.
ജോലിക്കു പോകാനുള്ള സൗകര്യത്തിനായി ഇളയ കുട്ടി ഋതികയെ ക്ലാപ്പനയിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണു വളർത്തുന്നത്. ഇലിപ്പക്കുളം കെകെഎം ഗവ. എച്ച്എസ്എസിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പരിശീലന ചുമതലയുണ്ടായിരുന്നു സൗമ്യയ്ക്ക്. ഇന്നലെ സ്കൂളിൽ പരിശീലനമുണ്ടായിരുന്നു. രാവിലെ 7നു സ്കൂളിലെത്തി കെഡറ്റുകൾക്കു പരേഡ് പരിശീലനം നൽകിയിട്ടാണു പിഎസ്‍സി പരീക്ഷയ്ക്കു പോയത്.
കെഡറ്റുകൾക്കും അധ്യാപകർക്കും പ്രിയങ്കരിയായിരുന്നു സൗമ്യ. സൗമ്യയ്ക്കുണ്ടായ ദുരന്തം അവർക്കും വലിയ ആഘാതമായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വലിയ താൽപര്യമായിരുന്നു സൗമ്യയ്ക്ക്. കെഡറ്റുകളും അധ്യാപകരും അഗതിമന്ദിരങ്ങളും മറ്റും സന്ദർശിക്കുമ്പോൾ സൗമ്യയും അവരുടെ സംഭാവന അതിൽ ചേർത്തിരുന്നു