‘എടാ ആദിവാസി നീയൊക്കെ അല്ലേടാ മാവോയിസ്റ്റ്? നിന്നെ പോലുള്ളവരാ മാവോയിസ്റ്റ്.. എന്തിനാണ് സാറെ ഇങ്ങനെയൊക്കെ പറയുന്നേ..’ തിയറ്ററിലിരിക്കുന്നവരുടെ കണ്ണുനിറയ്ക്കുന്ന നിസഹായവസ്ഥയിൽ നിന്നുള്ള ഇൗ മറുപടിക്ക് ഒരു ജനതയുടെ തന്നെ മുഖമാണ്. ഉണ്ട എന്ന സിനിമയിലെ ഹൃദ്യമായ ഇൗ രംഗം പലപ്പോഴും പലയിടത്തായി നടന്നിട്ടുണ്ട് ഇൗ നിമിഷവും നടക്കുന്നുണ്ട്. അത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തതും ചിത്രം പുറത്തിറങ്ങിയ അതേ ദിവസമാണ്. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കെ രതീഷ് എന്ന പോലീസ് ഓഫീസറാണ് സഹപ്രവർത്തകരിൽ നിന്നുള്ള വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് രാജി വെക്കാന്‍ തീരുമാനിച്ചത്.
സിനിമയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ബിജു എന്ന കഥാപാത്രത്തോട് വംശീയമായും ജാതിപരമായും സഹപ്രവർത്തകൻ അപഹസിക്കുന്ന ഒരു സീനുണ്ട്. അതിനൊപ്പം തട്ടിച്ച് നോക്കാവുന്ന സാഹചര്യമാണ് രതീഷിന്റെ ജീവിതത്തിലും സംഭവിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്നൊരാള്‍ പൊലീസിലെത്തുമ്പോള്‍ നിലയും വിലയുമുണ്ടാകുമെന്നാണ് അമ്മ പറഞ്ഞിരുന്നതെന്നും ഇവിടെയെത്തിയപ്പോള്‍ മറിച്ചാണെന്ന് മനസിലായെന്നും ലുക്മാന്‍ അവതരിപ്പിക്കുന്ന ബിജുകുമാര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുെട കഥാപാത്രത്തോട് പറയുന്നുണ്ട്. ഇവിടെ പൊലീസ് ഉദ്യോഗസ്ഥർ ജാതിപ്പേരിനൊപ്പം അസഭ്യവും ചേര്‍ത്താണ് പലപ്പോഴും അഭിസംബോധന ചെയ്യാറുള്ളതെന്നാണ് രതീഷ് വെളിപ്പെടുത്തുന്നു.പരാതി നല്‍കാന്‍ ചെന്നപ്പോള്‍ റിസര്‍വ് ഇന്‍സപെക്ടര്‍ ഗംഗാധരന്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തി. ജോലി ഉപേക്ഷിച്ചാലും മറ്റൊരിടത്തും ജീവിക്കാന്‍ കഴിയില്ലെന്നാണ് ഭീഷണിയെന്നും ആദിവാസി കുറിച്യ വിഭാഗത്തിൽപ്പെട്ട രതീഷ് പറയുന്നു.