fridayfresh2

പ്രളയവും കഷ്ടപ്പാടുകളും താണ്ടി പത്താംക്ളാസില്‍ മികച്ച വിജയംനേടിയ ആര്‍ദ്രയ്ക്ക് മികച്ചരീതിയിലുള്ള തുടര്‍പഠനത്തിന് അവസരമൊരുങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൂറവൂര്‍ സ്വദേശി ആര്‍ദ്ര ബൈജുവിനെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയാണ് വഴിത്തിരിവായത്. ഫ്രൈഡേ ഫ്രഷ് എന്ന സുഗന്ധവ്യാപാര കമ്പനിയാണ് ആര്‍ദ്രയുടെ രണ്ടുവര്‍ഷത്തെ പഠനചെലവ് ഏറ്റെടുത്തത്.

 

ആലപ്പുഴയില്‍നിന്നുള്ള വാര്‍ത്തയില്‍നിന്നാണ് രാജ്യാന്തര കമ്പനിയായ ഫ്രൈഡേ ഫ്രഷിന്റെ പെര്‍ഫ്യൂം ആദ്യമായി അവതരിപ്പിക്കപ്പെടുന്ന കൊച്ചിയിലെ വേദിയിലേക്ക് ആര്‍ദ്രയ്ക്ക് ക്ഷണം ലഭിച്ചത്. 

 

ക്യാഷ് പ്രൈസായി പതിനായിരം രൂപ നല്‍കിയതിന് പുറമെ ആര്‍ദ്രയുടെ രണ്ടുവര്‍ഷത്തെ പഠനച്ചെലവും കമ്പനി ഏറ്റെടുത്തു. നടി മിയ ജോര്‍ജും ഫ്രൈഡേ ഫ്രഷ് ഗ്രൂപ്പ് സി.ഇ.ഒ സാജന്‍ മാത്യുവും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തു.

 

തൊഴിലുറപ്പ് പദ്ധതിയില്‍ അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വേതനത്തില്‍ മാത്രം കഴിയുന്ന കുടുംബം. മിലിറ്ററി ഓഫിസറാകുകയെന്ന അത്ര സാധാരണമല്ലാത്ത സ്വപ്നത്തിന് പുറകെയാണ് ആര്‍ദ്ര.  ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള കൈത്താങ്ങിന് നന്ദി പറഞ്ഞാണ് അവള്‍ മടങ്ങിയത്.