അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളസിനിമാ പ്രേക്ഷകർ ആന്റണി വർഗീസ് എന്ന നടനെ കണ്ടത്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേര് തന്നെ പിന്നീട് അദ്ദേഹത്തിന് ചാർത്തി നൽകി. സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലേക്കെത്തിയ ആളാണ് താനെന്ന് ആന്റണി മുൻ‌പ് പറഞ്ഞിട്ടുണ്ട്. 

തൊഴിലാളി ദിനത്തിൽ അപ്പന്‍റെ ചിത്രം പങ്കുവെച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പും ശ്രദ്ധയാകുകയാണ്. ആന്റണിയുടെ കുറിപ്പിങ്ങനെ:

''തൊഴിലാളിദിനാശംസകൾ.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ....''

'രാവിലെ മുതൽ കുറെ തൊഴിലാളി ദിനാശംസകൾ കണ്ട്.. പക്ഷെ ഇതാണ് ഒരുപാട് സന്തോഷം തോന്നിയ ഫോട്ടോ' എന്നും ''ഓട്ടപ്പാച്ചിലിനിടെ ചിരിച്ചു നിൽക്കുന്ന ഈ അച്ഛൻ മാതൃകയാണെന്നും' പലരും കമൻറ് ബോക്സിൽ പറയുന്നു. 'നിങ്ങള് ദുൽഖർ നു പഠിക്കുവാണോ മനുഷ്യാ ? പ്രായമായ മാതാപിതാക്കളെ ജോലിക്ക് വിടാതെ വീട്ടിലിരുത്തിക്കൂടേ' എന്ന് തമാശയായും ചിലര്‍ പറയുന്നു. 

പണ്ടൊക്കെ വീടിനുടുത്ത് ഒരു ചടങ്ങ് നടന്നാൽ തങ്ങളെ വിളിക്കാറില്ലന്നും തങ്ങൾ സാധാരണക്കാരായതു കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നതെന്ന് അമ്മ പറയുമായിരുന്നുവെന്നും ആന്റണി  മുന്‍പ് പറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.