സിപിഎമ്മിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ് കാസർകോട്ടെ ഇരട്ടക്കൊലപാതകം. രണ്ടുയുവാക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വൻരോഷമാണ് കേരളത്തിൽ ഉയരുന്നത്. കൊലപാതകത്തെ അപലപിച്ച് ഒട്ടേറെ േപർ രംഗത്തെത്തി. ഇക്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ ദീപാ നിഷാന്ത് പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. 

‘രാഷ്ട്രീയ വിയോജിപ്പുകൾക്കും അഭിപ്രായഭേദങ്ങൾക്കും ഇടം നൽകുന്നതാണ് ജനാധിപത്യമര്യാദ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തുന്നത് ഒരു രാഷ്ട്രീയകക്ഷിക്കും അഭിലഷണീയമല്ല. അപ്രകാരം ചെയ്യുമ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ബൗദ്ധികമായ ആത്മഹത്യ തന്നെയാണ് നടക്കുന്നത്. അപ്പുറത്തും ഇപ്പുറത്തുമുള്ള കൊലപാതകങ്ങളുടെ കണക്കു വെച്ച് ന്യായീകരിക്കാൻ ഈ വഴി വരരുത്." എൻ കൂട്ടരും പാണ്ഡവരും എന്തു ചെയ്തതു സഞ്ജയാ ?" എന്ന ആകാംക്ഷ തൽക്കാലമില്ല. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ’ ദീപ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇതിന് പിന്നാലെ എത്തിയ കമന്റുകളാണ് ഇപ്പോൾ സജീവ ചർച്ചയാവുന്നത്. ഇടതുപക്ഷത്തോട് അനുഭാവം വച്ചുപുലർത്തുന്ന ദീപ നിഷാന്ത് ഇൗ വിഷയത്തിൽ പ്രതികരിച്ചതിന് നന്ദി പറയുന്നു എന്ന തരത്തിൽ ഒട്ടേറെ കമന്റുകൾ പോസ്റ്റിന് ലഭിച്ചു. ഇക്കൂട്ടത്തിൽ ഒരാൾക്ക് ദീപ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ ലോകം പരിഹാസത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

‘വൈകിയാണെങ്കിലും നാക്ക് പൊന്തിയതിന് നമസ്കാരം’ എന്ന് കമന്റിട്ട വ്യക്തിയോട് ‘ഇറങ്ങിപ്പോടോ ഇവിടുന്ന്’ എന്നാണ് ദീപ മറുപടി നൽകിയത്. ഇതിന് പിന്നാലെ മറുപടി കമന്റുകളുടെ ഒഴുക്കായിരുന്നു. ‘ഇറങ്ങിപ്പോടോ ഇവിടുന്ന്’ എന്നായിരുന്നില്ല ‘കടക്ക് പുറത്ത്’ എന്നായിരുന്നു കൊടുക്കേണ്ട മറുപടി എന്നതരത്തിലുള്ള കമന്റുകളും സജീവമാണ്.