arunima-modi-tweet

ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് അരുണിമ  കീഴടക്കിയ മഹാപർവതങ്ങളുടെ പട്ടിക നീളുകയാണ്. കൃത്രിമക്കാലുമായി 2013ൽ ഏവറസ്റ്റ് കീഴടക്കി ചരിത്രത്തിൽ ഇടം നേടിയിരുന്നു ഇൗ യുവതി. കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായിരുന്നു മുപ്പതുവയസുകാരിയായ അരുണിമ സിന്‍ഹ. ഇപ്പോഴിതാ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിന്‍സണും അരുണിമ കീഴടക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇൗ നേട്ടത്തില്‍ അരുണിമയെ അഭിനന്ദിച്ച് രംഗത്തെത്തി.

ഇന്ത്യയുടെ അഭിമാനമാണ് അവളെന്നും കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം അവള്‍ കൈവരിച്ചിരിക്കുന്നതെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. 2011ൽ ഒരു ആക്രമണത്തിലാണ് അരുണിമയുടെ കാല് നഷ്ടപ്പെടുന്നത്. ട്രെയിൻ യാത്രയിൽ ഒരു സംഘം മോഷ്ടാക്കൾ അരുണിമയെ ആക്രമിച്ചു. ഇതിനിടയിൽ പുറത്തേക്ക് തെറിച്ചുവീണ അരുണിമയുടെ കാലിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങി. നീണ്ടനാളത്തെ ചികിൽസയ്ക്ക് ശേഷം കൃത്രിമക്കാലുമായി പുറത്തെത്തിയ അരുണിമ തോറ്റ് പിൻമാറാൻ തയാറാകാതിരുന്നിടത്താണ് ചരിത്രം അവർക്ക് മുന്നിൽ കീഴടങ്ങാൻ തുടങ്ങിയത്. 

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രി പാലുമായി സൗഹൃദം എവറസ്റ്റ് കീഴടക്കുന്നതിലേക്ക് നയിച്ചു. കിളിമഞ്ചാരോ അടക്കം ഒട്ടേറെ കൊടുമുടികൾ ഇതിനകം അരുണിമയ്ക്ക് മുന്നിൽ അവളുടെ ആത്മവിശ്വാസത്തിന് മുന്നിൽ തലകുനിച്ചു. 2015 -ല്‍ രാജ്യം അരുണിമയെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.