ഇന്ത്യയിൽ സെൽവിക്കൽ കാൻസർ (ഗര്‍ഭാശയഗള അര്‍ബുദം) മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഗര്‍ഭാശയഗള അര്‍ബുദം ബാധിച്ച 1,32,082 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ചില കണക്കുകള്‍ പറയുന്നു. ജീവിതത്തിൽ നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം ഗർഭാശയഗളഅർബുദത്തിന്റെ റിസ്കുളിൽ ഒന്നാണ്. ഗർഭാശയഗള അർബുദത്തെ തനിക്ക് വന്ന മെസജുകളുടെ അടിസ്ഥാനത്തിൽ ലളിതമായി വിശദീകരിക്കുകയാണ് ഡോ.വീണ ജെ.എസ്.
മുസ്‌ലിം മതവിഭാഗത്തിലായതിനാൽ നേരത്തെ വിവാഹം ഉണ്ടാകുമെന്നും സെർവിക് കാൻസറിനെതിരെ വാക്സിൻ എടുക്കാമെന്നും പറഞ്ഞു കൊണ്ടായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചാറ്റ്. കഴിഞ്ഞ ദിവസം രാത്രി ഇതേ ക്ലാസിലെ ഒരു ആൺകുട്ടി തന്നെ വിളിച്ചുവെന്നും പതിനെട്ടു വയസിൽ തന്നെ കുട്ടിയുടെ ചേച്ചിയെ വിവാഹം ചെയ്ത് അയക്കാനായി പതിനേഴു വയസിൽ തന്നെ നിശ്ചയം നടത്താൻ തീരുമാനിക്കുന്നതായും വീണ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. ചേച്ചിയുടെ മുഖത്തു കണ്ട ഭയം അവന് വല്ലാതെ വിഷമം ഉണ്ടാക്കി. എന്നോട് അവൻ ഇത്രമാത്രം പറഞ്ഞവസാനിപ്പിച്ചു. "ഞാനൊരിക്കലും ഇത്ര ചെറിയ പെൺകുട്ടിയെ നിക്കാഹ് ചെയ്യില്ല. ഞാൻ മാത്രമല്ല കൂട്ടുകാരും ചെയ്യില്ല." അത്യാവശ്യം നന്നായി അഭിമാനം തോന്നിയ ഒരു നിമിഷമാണ് ഇതെന്നും ഡോ. വീണ വിശദീകരിക്കുന്നു. ഗർഭാശയ ഗള അർബുദം എന്നാൽ എന്താണ്...? എന്തൊക്കെ മുൻകരുതൽ എടുക്കണം..? ഈ കാര്യങ്ങളെ കുറിച്ചെല്ലാം ഡോ. വീണ തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു.
പൂർണരൂപം:
ഒരു സ്കൂളിലെ വിദ്യാർത്ഥിനി എനിക്കയച്ച വാട്സാപ്പ് മെസേജിന്റെ സ്ക്രീൻഷോട് ആണ് താഴെയുള്ളത്. ജീവിതത്തിൽ നേരത്തെ തുടങ്ങുന്ന ലൈംഗികബന്ധം ഗർഭാശയഗള അർബുദത്തിന്റെ/cervix cancer റിസ്കുകളിൽ ഒന്നാണെന്നു പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. ചിലയിനം cervix കാൻസർനെതിരെ വാക്‌സിൻ ഉണ്ടെന്നു പറഞ്ഞത് അന്വേഷിയ്ക്കാനാണ് കുട്ടി മെസ്സേജ് അയച്ചത്. മുസ്ലീം ആയതിനാൽ വിവാഹം വളരെ നേരത്തെ ഉണ്ടാവുമെന്നും അതിനാൽ വാക്‌സിൻ എടുക്കാമെന്നും ആയിരുന്നു കുട്ടി പറഞ്ഞത്. വിവാഹം വൈകി മതി എന്ന ആവശ്യമൊന്നും വീട്ടുകാർ അംഗീകരിക്കില്ലെന്ന ഉറപ്പ് ആ വീട്ടുകാരും നാട്ടുകാരും പള്ളിക്കാരുമൊക്കെ കാലങ്ങളായി നടത്തിച്ചുകൊണ്ടുപോകുന്നതാകയാൽ ഇക്കാര്യത്തിൽ എന്റെ മോട്ടിവേഷൻ വർത്താനത്തിൽ കാര്യമില്ലെന്നു ഞാൻ മനസിലാക്കി.
എന്നാൽ ഇന്നലെ രാത്രി ഇതേ ക്ലാസ്സിലെ ഒരാൺകുട്ടി എന്നെ വിളിച്ച് സംസാരിച്ചു. അവന്റെ ചേച്ചിക്ക് അവനെക്കാൾ രണ്ടു വയസ്സ് മാത്രമേ കൂടുതലുള്ളു. പതിനെട്ടു വയസ്സിൽ കല്യാണം കഴിപ്പിക്കാൻ പതിനേഴു വയസ്സിൽതന്നെ നിശ്ചയം നടത്താൻ പോകുന്നു. എന്നാൽ അവൻ ഗർഭാശയഗളഅർബുദത്തെപ്പറ്റി വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. "ഞമ്മന്റെ അപ്പനും അപ്പൂപ്പനും അപ്പൂപ്പന്റപ്പൂപ്പനും ഇതേ രീതീലാ കുടുംബം നോക്കിയേ, ആർക്കും കാൻസർ വന്നിട്ടില്ല" എന്നുംപറഞ്ഞ് അവർ അവനെ കളിയാക്കിവിട്ടു. ചേച്ചിയുടെ മുഖത്തു കണ്ട ഭയം അവന് വല്ലാതെ വിഷമം ഉണ്ടാക്കി. എന്നോട് അവൻ ഇത്രമാത്രം പറഞ്ഞവസാനിപ്പിച്ചു.
"ഞാനൊരിക്കലും ഇത്ര ചെറിയ പെൺകുട്ടിയെ നിക്കാഹ് ചെയ്യില്ല. ഞാൻ മാത്രമല്ല കൂട്ടുകാരും ചെയ്യില്ല." അത്യാവശ്യം നന്നായി അഭിമാനം തോന്നിയ ഒരു നിമിഷമാണ് ഇത്. Cervix cancer അനുബന്ധഎഴുത്തുകളും ന്യൂസും കമന്റ് boxൽ കൊടുക്കുന്നു. ലോകത്തിലെ ഗർഭാശയഗള അർബുദരോഗികളുടെ നാലിലൊരുഭാഗം ഇന്ത്യയിലാണ് എന്നതും, ഇന്ത്യയിൽ അർബുദം കാരണമുള്ള സ്ത്രീകളുടെ മരണങ്ങളിൽ സ്തനാർബുദം കഴിഞ്ഞാൽ ഗർഭാശയഗളഅർബുദം ആണെന്നതും ഓർക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോൾ, സ്ത്രീകളുടെ ആരോഗ്യത്തെ മുൻനിർത്തി ഈ വാക്‌സിൻ ഗവണ്മെന്റ് തലത്തിൽ സംഘടിപ്പിക്കാൻ ശ്രമം നടത്തേണ്ടതാണ്. വാക്‌സിൻ ചിലവ് കൂടുതലായതിനാൽ വാക്‌സിൻ പ്രചരിപ്പിക്കരുത് എന്ന തത്വത്തിനോട് യോജിക്കാനാവില്ല. ചില ടൈപ്പുകൾക്കെതിരെ മാത്രമേ വാക്‌സിൻ വിജയകരമാവു, അതിനാൽ ചിലവുകൂടിയ വാക്‌സിൻ പ്രചരിപ്പിക്കാതെ കുട്ടികളുടെ പ്രതിരോധകുത്തിവെപ്പിൽ മാത്രം തല്ക്കാലം ശ്രദ്ധ എന്ന തത്വത്തോടും യോജിക്കാനാവില്ല. ഹൈ റിസ്ക് ടൈപ്പ് വൈറസ്സിനെതിരെ വാക്‌സിൻ ഫലപ്രദമാണെന്ന് വാക്‌സിൻ നിർബന്ധമായ നാടുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നുണ്ടല്ലോ.
നല്ല ലൈംഗികവിദ്യാഭ്യാസമുള്ള, ജനസംഖ്യപെരുപ്പം കുറഞ്ഞ ഒരു നാട്ടിൽ ആയിരുന്നെങ്കിൽ വാക്‌സിൻ വിലയുടെ കാര്യം പറയുന്നതിൽ അർത്ഥമുണ്ടായിരുന്നു. എന്നാൽ ഗർഭാശയഗളകാൻസറിന്റെ നാലിലൊന്നു ഭാരം ഇന്ത്യയിലായിട്ടും സ്ത്രീകളുടെ കാൻസർഅനുബന്ധമായ മരണകാരണത്തിൽ രണ്ടാമതായിട്ടും വാക്‌സിൻ പ്രചരണം ഇല്ലാതാവുന്നത് ന്യായീകരിക്കാനാവില്ല. മെഡിക്കൽ മേഖലയിൽ ശക്തമായ സ്ത്രീപക്ഷം ഉടലെടുക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. വാക്‌സിൻ ബിസിനസ്സിനെ സഹായിക്കാൻ എന്ന കുത്തുവാക്കുകൾ ഭയന്ന് ഇക്കാര്യത്തിൽ നമ്മൾ മാറിനിൽക്കരുത്. കുട്ടികളുടെ ആരോഗ്യം പോലെ, ഒരുപക്ഷെ അതിനേക്കാൾ മുകളിലാവണം സ്ത്രീയുടെ ആരോഗ്യം എന്നത്. അതിന്റെ കാരണം നമ്മടെ തൊലിഞ്ഞ സംസ്കാരം തന്നെയാണ് ! സ്ത്രീയില്ലെങ്കിൽ ഒരു വീട് ചലിക്കാൻ ബുദ്ധിമുട്ടാണ് എന്ന സംസ്കാരത്തിൽ വളർന്ന നമ്മൾക്ക് സ്ത്രീകളുടെ കാര്യത്തിൽ മേൽപ്പറഞ്ഞകണക്കുകളെ മുൻനിർത്തി വാക്‌സിൻ പ്രചരിപ്പിക്കാം. UK ഗവണ്മെന്റ് ജനുവരി 21 മുതൽ 27 വരെ Cervix Cancer Week എന്ന പേരിൽ ഗർഭാശയഗളഅർബുദത്തിനെപ്പറ്റി ബോധവൽക്കരണം നടത്തുന്നുണ്ട്. നാലിലൊന്ന് ഭാരം ചുമക്കുന്ന നമ്മളിതാ, ഇങ്ങനെ മിണ്ടാതിരിക്കുന്നുമുണ്ട്. കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി മാത്രം ഉയർന്നു വരേണ്ട കാര്യമല്ല cervix cancer awareness. സ്ത്രീയുടെ ജീവചക്രത്തിന്റെ ഒരുപാട് സങ്കീർണചങ്ങലകളുമായി ബന്ധപ്പെട്ട ഒരു രോഗമാണിത്. ചീനുവമ്മയെപ്പറ്റി എഴുതിയത് വായിക്കുക.
കൗമാരപ്രായത്തിൽ വാക്‌സിൻ എടുക്കാത്തവർക്ക് ആദ്യത്തെ ലൈംഗികബന്ധത്തിനു മുന്നേ എടുക്കാവുന്നതാണ്. ഇരുപത്തഞ്ചു വയസ്സിനു മുകളിലുള്ള ഓരോ സ്ത്രീയും ഓരോ മൂന്നു വർഷം കൂടുമ്പോൾ സ്ത്രീരോഗവിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമായ സർക്കാർ ആശുപത്രിയിൽചെന്ന് തികച്ചും സൗജന്യമായി ലഭിക്കുന്ന പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ചികിൽസിച്ചു ഭേദമാക്കാൻ വളരെയധികം സാധ്യതയുള്ള അസുഖമാണിത്. എന്നാൽ അർബുദം കണ്ടെത്താൻ വൈകിയാൽ സാഹചര്യങ്ങൾ സങ്കീർണമാകാം.