ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ ഗൃഹാതുരതയാണ് അയ്യപ്പ സന്നിധിയിലെ പോസ്റ്റ് ഓഫീസ്. അയ്യപ്പനെ കാണാൻ ശബരിമലയിലെത്തുന്ന ഭക്തരിൽ പലരും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ എത്താതെ മടങ്ങാറില്ല. അയ്യപ്പ മുദ്രപതിപ്പിച്ച കത്തയക്കാനുള്ള സൗകര്യമാണ് ഇവിടുത്തെ പ്രത്യേകത.
അയ്യപ്പസന്നിധിയിലെ പോസ്റ്റ് ഓഫീസിൽ നിന്ന് വീട്ടിലേക്കൊരു കത്ത്. കത്തയച്ച് പതിവില്ലെങ്കിലും അയ്യപ്പനെ കാണാൻ എത്തിയാൽ സന്നിധാനത്തെ ഈ തപാലോഫീസിൽ നിന്ന് സ്വാമിമാർ കത്തയക്കുന്നത് പതിവാണ്. കത്തയച്ച് വീട്ടിലെത്തി കാത്തിരുന്നാൽ പതിനെട്ടാം പടിക്ക് മുകളിലിരിക്കുന്ന അയ്യപ്പന്റെ മുദ്ര പതിപ്പിച്ച കത്ത് വീട്ടിലെത്തും. അതിനാൽ ധാരാളം പേരാണ് കത്തയയ്ക്കാൻ സന്നിധാനത്തെ പേസ്റ്റ് ഓഫീസിൽ എത്തുന്നത്.
ഭക്തജനങ്ങൾക്ക് പുറമെ ഡ്യൂട്ടിക്കായി ശബരിമലയിലെത്തുന്ന ഉദ്യോഗസ്ഥരും കത്തയക്കാൻ എത്താറുണ്ട്. 1960ൽ പ്രവർത്തനം ആരംഭിച്ച ഈ തപാൽ ഓഫീസ് 1975 ലാണ് അയ്യപ്പന്റെ മുദ്ര ഉപയോഗിച്ച് തുടങ്ങിയത്. 689713 എന്ന അയ്യപ്പന്റെ സ്വന്തം പിൻ കോഡിൽ പ്രവർത്തിക്കുന്ന ഓഫീസ് ശബരിമല കാലത്ത് മാത്രമേ തുറക്കാറുള്ളു.
ഭക്തരുടെ സന്തോഷങ്ങളും സങ്കടങ്ങളും, വിവാഹ ക്ഷണക്കത്തുകളും, എല്ലാം അയ്യപ്പന്റെ വിലാസത്തിൽ ഇവിടെ എത്താറുണ്ട്. അയ്യപ്പന്റെ പേരിലെത്തുന്ന മണിയോ ഡറുകളും അനവധിയാണ്. ഇവയെല്ലാം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ഏൽപ്പിക്കാറാണ് പതിവ്. എന്തായാലും കത്തുകൾ മരിക്കുന്ന ഇക്കാലത്ത് അയ്യപ്പന് വേണ്ടി എഴുതുന്ന വരികൾ ഭക്തിക്കപ്പുറം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.