തോൽവികളിൽ ചിരിക്കാൻ വക കണ്ടെത്തുന്നത് എന്ത് ക്രൂരതയാണ്. എന്നാൽ കാർട്ടൂണുകളുടെ സ്ഥാനത്ത് ഇന്ന് അതിന്റെ പകരക്കരാണ് ട്രോളുകാര്‍. രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ തലങ്ങും വിലങ്ങും ട്രോളൊരുക്കുകയാണ് സോഷ്യൽ മീഡിയ. രാഹുലും മോദിയും അമിത് ഷായും കുമ്മനവും എന്തിനേറെ പറയുന്നു പി.സി ജോർജ് വരെ കഥാപാത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ നിറചിരി വിതയ്ക്കുന്ന അത്തരം ട്രോളുകൾ കാണാം.
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് പ്രധാനസംസ്ഥാനങ്ങള്‍ ബിജെപിയെ കൈവിട്ടതോടെയാണ് വിമര്‍ശനവും പരിഹാസവും ശക്തമായത്. മൂന്നിടത്തും മുന്നേറിയ കോണ്‍ഗ്രസിന് വിശാലപ്രതിപക്ഷസഖ്യത്തിന്റെ നേതൃപദവിയില്‍ ഇനി അവകാശമുന്നയിക്കാം. കൂടുതല്‍ കക്ഷികള്‍ സഖ്യത്തിലെത്താനുള്ള സാധ്യതയും തിരഞ്ഞെടുപ്പുഫലം തുറന്നിടുന്നു. കോണ്‍ഗ്രസ് അധികാരമുറപ്പിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസഗഢ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്സഭാ സീറ്റുകള്‍. ഇതില്‍ 62 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്. നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ച 27 ലോക്സഭാസീറ്റില്‍ 13 എണ്ണം നഷ്ടപ്പെടും.
കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് പതിമൂന്നിലേക്ക് ഉയരും. രാജസ്ഥാനിലാണെങ്കില്‍ കഴിഞ്ഞതവണ ഇരുപത്തഞ്ച് സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇപ്പോള്‍ ലീഡുള്ളത് പതിനൊന്നില്‍ മാത്രം. കോണ്‍ഗ്രസിന്റെ നേട്ടം 14. ഛത്തീസ്ഗഢിലെ 11 സീറ്റില്‍ കഴിഞ്ഞതവണ പത്തും നേടിയ ബിജെപി ഇപ്പോഴത്തെ നിലയില്‍ ഒരുസീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് മുന്നിലെത്തിയത് എട്ട് സീറ്റില്‍. അതായത് മൂന്ന് സംസ്ഥാനങ്ങളിൽ.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ മുന്‍കൈയില്‍ മിക്ക പ്രാദേശികശക്തികളും ഇതിനകം ബിജെപി വിരുദ്ധചേരിയില്‍ എത്തിക്കഴിഞ്ഞു. ബിഎസ്പിയും ബിജു ജനതാദളുമാണ് പുറത്തുനില്‍ക്കുന്ന പ്രധാനികള്‍.
ഇവരേയും മറ്റ് ബിജെപി ഇതരകക്ഷികളേയും ഒപ്പമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നിയമസഭാതിരഞ്ഞെടുപ്പുഫലം കരുത്തുപകരും. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്. എന്നാല്‍ 2014 ലേതുപോലെ പ്രചാരണവിഭവങ്ങളും സാമ്പത്തികപിന്തുണയും ഏകപക്ഷീയമാവില്ലെന്നുമാത്രം.