വാട്സ്‍ആപ്പും ഫെയ്സ്ബുക്കും താണ്ടി മലയാളികള്‍ ടിക് ടോക്കിലേക്കും എത്തിയിരിക്കുകയാണ്. മലയാളികൾക്കിടയിൽ ടിക് ടോക് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ചിരിപ്പിക്കുന്ന വിഡിയോകൾ മാത്രമല്ല, പലപ്പോഴും ചിന്തിപ്പിക്കുന്ന വിഷയങ്ങളുമായും ടിക് ടോകിൽ ചിലർ എത്താറുണ്ട്. അത്തരത്തിലൊരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കറുത്ത നിറമുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നുപറഞ്ഞുകൊണ്ടാണ് തമിഴ്നാട്ടിലെ 'ഗബ്രിയേല' എന്ന് സ്വയം വിശേഷിപ്പിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ. കറുപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള വേഷം ധരിക്കുന്നതും, മേക്കപ്പ് ഇടുന്നതുമെല്ലാം കറുപ്പ് നിറക്കാർക്ക് ചേരില്ലെന്നാണ് പൊതുവെ പറയാറ്. പഴയ പഴമൊഴികളും പരിഹാസങ്ങളും ബോഡി ഷെയ്മിങ് പ്രയോഗങ്ങളെയും എല്ലാം വിഡിയോ തുറന്നുകാട്ടുന്നു.
'അമാവാസി' എന്ന പരിഹാസത്തെയും മുഖത്ത് പല്ല് മാത്രമെ കാണൂവെന്ന കളിയാക്കലിനെയും പെൺകുട്ടി സരസമായി അവതരിപ്പിക്കുന്നു. സാമൂഹ്യ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ ഇക്കാര്യങ്ങൾക്ക് മാത്രം വാ തുറക്കാത്തവരാണ് നിറത്തിന്റെ പേരിൽ മറ്റുള്ളവരെ പരിഹസിക്കാൻ വേണ്ടി മാത്രം വാ തുറക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ പോരാടുന്ന ഈ നാട്ടിൽ തങ്ങളുടെ മനസ്സ് വേദനിപ്പിച്ച് നിറത്തിന് വേണ്ടി പോരാടാൻ പ്രേരിപ്പിക്കുകയാണോ എന്ന് പെൺകുട്ടി ചോദിക്കുന്നു. എന്ന് കറുപ്പഴകി ഗാബ്രില എന്ന് വിശേഷിപ്പിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.