കവിതാവിവാദത്തിന് പിന്നാലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധികർത്താവായെത്തിയ ദീപാ നിശാന്തിനെ വിമർശിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ധാർമികത എന്നൊന്നുണ്ടെന്നും വിധികർത്താവാകുന്നതിൽ നിന്ന് സ്വയം മാറിനിൽക്കാമായിരുന്നുവെന്നും മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ് വായിക്കാം:
ധാർമികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു..!! നിങ്ങൾ ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ / സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that’s all..!!
സാഹിത്യമോഷണ വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപ നിശാന്ത് മൂല്യനിര്‍ണയം നടത്തിയ കലോല്‍സവ ഉപന്യാസരചനാ മല്‍സരത്തിന്‍റെ ഫലം റദ്ദാക്കി. പുനര്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികള്‍ ഹയര്‍ അപ്പീല്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഹൈസ്കൂള്‍ വിഭാഗം മലയാളം ഉപന്യാസരചനാ മല്‍സരത്തിലാണ് ദീപ നിശാന്ത് വിധികര്‍ത്താവായി എത്തിയത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്‍റെ നടപടി.
കവിതാമോഷണവിവാദത്തിന് പിന്നാലെ ദീപാ നിശാന്ത് വിധികർത്താവായി എത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധമുയർന്നിരുന്നു. ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു നീക്കുകയും ചെയ്തിരുന്നു.
കലോല്‍സവ മാനുവൽ പ്രകാരം യോഗ്യത ഉളളതുകൊണ്ടാണ് വിധികര്‍ത്താവായതെന്നായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം. തനിക്കെതിരെ നിന്ന ആളുകള്‍ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുകയാണ്. കവിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും ഇനിയും അത് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും ദീപ നിശാന്ത് പ്രതികരിച്ചിരുന്നു.