പൊലീസ് എന്തെല്ലാം ജോലികള്‍ ചെയ്യണം? അല്ലെങ്കില്‍ എന്തെല്ലാം ആവശ്യത്തിന് പൊലീസിനെ പൊതുജനത്തിന് വിളിക്കാം ? കണ്ണൂര്‍ കേളകം പൊലീസ് സ്റ്റഷനിലേക്ക് ഒരു വീട്ടമ്മ നടത്തിയ ഫോണ്‍ സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുന്നത്. കേളകം ഹൈസ്കൂൾ റോഡിലെ സ്റ്റൈലെക്സ് ലേഡീസ് ആൻഡ് കിഡ്സ് വെയറിന്റെ  ഉടമയാണ് വീട്ടമ്മ. 

 

കഴിഞ്ഞദിവസം രാത്രി കട അടയ്ക്കുംമുന്‍പ് ഒരു പട്ടി ഓടി അകത്ത് കയറി ചുരുണ്ടുകൂടി ഒരൊറ്റ കിടപ്പ്. ആട്ടിയോടിക്കാന്‍ നോക്കിയെങ്കിലും ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു. വായില്‍കൂടി നുരയും പതയും വരുന്നത് കണ്ടതോടെ ഭയമായി. തൊട്ടടുത്ത കടയിലെ ആളുകളെ വിളിച്ചു കൂട്ടി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പട്ടിക്ക് ഒരു മനമാറ്റവുമില്ല. 

 

പട്ടിയെ അകത്തിട്ട് കടപൂട്ടാനാവാത്തതിനാല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ തൊട്ടടുത്തുതന്നെയുള്ള കേളകം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പട്ടിയ പിടിക്കലാണോ ഞങ്ങളുടെ ജോലിയെന്ന് ചോദിച്ച് പൊലീസുകാരന്‍ ഫോണ്‍വച്ചു. ഒരു രക്ഷയുമില്ലാതെ വന്നതോടെ വീട്ടമ്മതന്നെ പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യര്‍ഥിച്ച് വിളിച്ചു. പട്ടിയെ പിടിക്കലല്ല പൊലീസിന്റെ പണിയെന്നും അതിന് നാട്ടിൽ ആണുങ്ങളില്ലേ എന്നുമൊക്കെയുള്ള പരുഷമായ പൊലീസ് ഭാഷ ഫോണിലൂടെ വന്നു. കലിപ്പ് തീരാത്ത പൊലീസുകാരന്‍ തൊട്ടടുത്തുനിന്ന പൊലീസുകാരന് ഫോണ്‍ നല്‍കി. അയാളും വീട്ടമ്മയെ വിരട്ടി. ഒന്നുമറിയാത്ത ഭര്‍ത്താവിനെ വരെ പൊലീസ് ഫോണിലൂടെ അന്വേഷിച്ചു. 

 

പിന്നെ ഗതിയില്ലാതെ അഗ്നി ശമനസേനയെ വിളിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പേരാവൂരിലെ അഗ്നിശമന സേനാംഗംങ്ങള്‍ പട്ടിയെ പിടിക്കാന്‍ അനുമതിയില്ലെന്ന് ആദ്യം അറിയിച്ചു. എങ്കിലും നാട്ടുകാരുടെ നിസഹായത കണക്കിലെടുത്ത് സ്വന്തം റിസ്കില്‍ വരാമെന്ന് ഉറപ്പ് നല്‍കി. അങ്ങനെ വലയുമായെത്തി പട്ടിയ പിടികൂടി പുറത്ത് ഇറക്കിയതോടെ പട്ടി പട്ടിയുടെ പാട്ടിന് പോയി. 

 

പക്ഷേ പട്ടി ഓടിയതിന്റെ ഇരട്ടി വേഗതയില്‍ പൊലീസുകാരുമായി നടത്തിയ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അങ്ങനെ ജില്ലാ പൊലീസ് മേധാവിയുടെ ഫോണിലും സംഭാഷണമെത്തി. ഇതോടെ അന്വേഷണവും പ്രഖ്യാപിച്ചു. വീട്ടമ്മയുടെ പരാതിയും ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് ലഭിക്കുകയും ചെയ്തു. 

 

എന്നാൽ യുവതി വിളിക്കും മുന്‍പ് ഇതേ കാര്യം പറഞ്ഞ് മറ്റ് ചിലർ വിളിച്ചിരുന്നുവെന്നും അപ്പോൾ ആൾക്കാരെ കൂട്ടി പട്ടിയെ ഓടിക്കാൻ ശ്രമിക്കണമെന്ന് അവരോട് നിർദേശിച്ചിരുന്നതാണെന്നും പൊലീസ് പറയുന്നു. പൊലീസ് ചെന്നാലും പട്ടിയെ പിടിക്കാൻ പ്രത്യേക മാർഗങ്ങളൊന്നും  ഇല്ലാത്തതിനാലാണ്  അങ്ങനെ നിർദേശിച്ചത്. പൊലീസ് എത്തിയാലും പട്ടിയെ ഓടിക്കാൻ മാർഗമില്ല എന്നറിഞ്ഞുകൊണ്ട്  പ്രകോപിപ്പിച്ചശേഷം സംഭാഷണം റെക്കോ‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.