മനുഷ്യന്റെ ക്രൂരതയുടെ അമ്പരപ്പിക്കുന്ന കഥയാണ് പോണി എന്ന കുരങ്ങിന്റെ ജീവിതാനുഭവം. മനുഷ്യനെ ഭയത്തോടെ മാത്രം നോക്കിയിരുന്നു പോണി ഇന്ന് സന്തോഷവതിയാണ്.  മനുഷ്യ കുരങ്ങായ ഉറാങ്ങുട്ടാനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഒരു സംഘം. ഇന്തൊനീഷ്യയിൽ നിന്നും അതിസാഹസികമമായി രക്ഷപ്പെടുത്തിയ പോണിയുടെ ജീവിതക്കഥ മനുഷ്യന്റെ ക്രൂരതകളുടെ സമാനതകളില്ലാത്ത ഉദാഹരണമാണ്.

 

ശരീരത്തെ രോമങ്ങൾ മുഴുവൻ വടിച്ച് കളഞ്ഞ്, ആഭരണങ്ങളൊക്കെ ധരിപ്പിച്ച്, സുഗന്ധദ്രവ്യങ്ങൾ പൂശി ഒരു ലൈംഗിക അടിമയാക്കുകയായിരുന്നു ഇൗ കുരങ്ങിനെ. ശരീരത്തിലെ രോമങ്ങൾ എന്നും ഷേവ് ചെയ്തതോടെ വൃണങ്ങളുണ്ടാകാൻ തുടങ്ങി. എന്നാൽ അവിടെ മരുന്നൊന്നും നൽകാതെ കൊടിയ പീഡനങ്ങൾക്കാണ് ചങ്ങലയിൽ ബന്ധിച്ച കുരങ്ങിനെ ഇരയാക്കിയത്. ഇൗ ദുരവസ്ഥ കണ്ടറിഞ്ഞ് സംഘത്തിന്റെ കയ്യിൽ നിന്നും പോണിയെ മോചിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു.

 

അങ്ങനെ 2003ൽ പോണിയെ ആ നരകത്തിൽ നിന്നും അധികൃതർ മോചിപ്പിച്ചു. 35 പോലീസ് ഉദ്യോഗസ്ഥർ എകെ-47 അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് കുരങ്ങിനെ മോചിപ്പിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടത്. സംഘത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണമാണ് പൊലീസിന് നേരിടേണ്ടി വന്നത്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്മ കുരങ്ങിൽ നിന്നും ഇവർ പോണിയെ തട്ടിയെടുക്കുകയായിരുന്നു. ആറ് വയസുമുതല്‍ പോണിയെ ഇൗ സംഘം ലൈംഗിക അടിമയാക്കി കൊടിയ പീഡനങ്ങൾക്ക് ഇരയാക്കി. 

 

എന്നാൽ 15 വർഷങ്ങൾക്കിപ്പുറം ജീവിതത്തിന്റെ ആ കറുത്ത ദിനങ്ങളെ പോണി മറന്നിരിക്കുന്നു. മനുഷ്യനെ അവൾക്ക് വലിയ പേടിയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷം പരിചരണത്തിന് അടുത്ത് ചെല്ലുമ്പോൾ പോലും അവൾ പേടിച്ച് വിറയ്ക്കുമായിരുന്നെന്ന് അവളെ പരിചരിച്ചവർ പറയുന്നു. എന്നാൽ പതിയെ മനുഷ്യന്റെ സ്നേഹം അവൾ തിരിച്ചറിഞ്ഞു. ഇപ്പോൾ ഏഴ് ഉറാങ്ങുട്ടൻമാർക്കാപ്പം അവൾ സന്തോഷത്തോടെ കഴിയുന്നു. പക്ഷേ പോണിയെ കാട്ടിൽ തുറന്നുവിടാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

 

അവളുടെ പ്രതിരോധശേഷി വളരെ കുറവാണ്. കൊടിയ പീഡനങ്ങളുടെ ശേഷിപ്പുകൾ അവളുടെ ശരീരത്തെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. പ്രത്യേക പരിചരണം ഇപ്പോഴും ആവശ്യമാണ്. അതുകൊണ്ട് തന്നെ പോണിയെ കാട്ടിൽ വിടാൻ കഴിയില്ല. എങ്കിലും ബന്ധനത്തിന്റെ ചങ്ങലകളില്ലാതെ പോണി എന്ന കുരങ്ങ് ഇന്ന് ജീവിക്കുന്നു. അവളുടെ കഴിഞ്ഞ കാലമാണ് മനുഷ്യന്റെ സമാനതകളില്ലാത്ത ക്രൂരതയുടെ സാക്ഷ്യങ്ങളിലൊന്ന്.