ഏത് വമ്പനായാലും മുഖത്ത് നോക്കി തന്റെ നിലപാട് പറയാൻ യാതൊരു മടിയുമില്ലാത്ത നടിയാണ് കസ്തൂരി. തമിഴ് സിനിമാലോകത്ത് കസ്തൂരിയുടെ വെളിപ്പെടുത്തലുകൾ പലപ്പോഴും വൻ വിമർശനങ്ങൾക്കും ആരാധകരുടെ രോഷപ്രകടനങ്ങൾക്കും വഴിവച്ചിരുന്നു. സ്വാമി 2 വിന്റെ ട്രെയിലറിനെ ട്രോളി രംഗത്തു വന്നതിനെ തുടർന്ന് വിക്രം ആരാധകരുടെ വൻരോഷത്തിന് കസ്തൂരി വിധേയായിരുന്നു. കിളവിയായിട്ടും ഐറ്റം ഡാൻസ് കളിക്കാൻ നാണമില്ലേയെന്ന വിക്രം ആരാധകരുടെ ചോദ്യത്തിന്. മകളുടെ പ്രായമുളള നടിമാർക്കൊപ്പം അഭിനയിക്കാൻ വിക്രത്തിന് പറ്റുമെങ്കിൽ ഈ പ്രായത്തിൽ ഡാൻസ് ചെയ്യാൻ തനിക്കും പറ്റുമെന്നായിരുന്നു നടിയുടെ മറുപടി. ശ്രീദേവിയുടെ മരണത്തെ ട്രോളിയും താരം പുലിവാൽ പിടിച്ചു.
ഒരു തമിഴ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തെ കുറിച്ച് പറയുകയാണ് കസ്തൂരി. തന്റെ എല്ലാമായ മകൾ കാൻസർ ബാധിതയായതിനെയും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം തരണം ചെയ്തതിനെയും കുറിച്ച് കണ്ണീരോടെ പറയുകയാണ് കസ്തൂരി.
മകൾ ഒന്നും കാലുതെറ്റി വീണാൽ നെഞ്ച് തകരുന്നവരാണ് നമ്മൾ അമ്മമാർ. മകൾക്ക് വിശപ്പില്ലാതെ ആയപ്പോഴാണ് ഡോക്ടർ അവളെയൊന്ന് ഉപദേശിക്കണമെന്ന മുഖവരയോടെ സുഹൃത്തായ ഡോക്ടറുടെ അടുക്കൽ ഞാൻ അവളെ കൊണ്ടു പോയത്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് പിന്നീട് എന്റെ ജീവിതത്തിൽ ഉണ്ടായത്. ഡോക്ടർ സംശയം പറഞ്ഞതിനെ തുടർന്ന് അവളെ ചെക്കപ്പിന് വിധേയയാക്കി. വളരെ വേദനയോടെയാണ് മകൾക്ക് കാൻസറാണെന്ന സത്യം ഞാൻ മനസിലാക്കിയത്. എന്നിലെ അമ്മ അത് അംഗീകരിക്കാൻ തയ്യാറായില്ല. ഡോക്ടർക്കും വൈദ്യശാസ്ത്രത്തിനും തെറ്റുപറ്റിയെന്ന് തന്നെ ഞാൻ വിശ്വസിച്ചു. ഭ്രാന്തിയെ പോലെ ഞാൻ അലറി കരഞ്ഞു.
ഒരുപാട് ഗുളികകൾ കഴിക്കണമായിരുന്നു. പല ഡോക്ടർമാരെയും ഞാൻ മാറി മാറി കഴിച്ചു. പല വിദഗ്ദോപദേശങ്ങളും തേടി. ഒടുവിൽ അവർ പറഞ്ഞു സ്റ്റം സെൽ മാറ്റിവയ്കണം. പക്ഷെ, അങ്ങനെ ചെയ്താലും 50 ശതമാനം മാത്രമേ ആയുസ്സിന് ഉറപ്പുള്ളൂ. ഞാൻ തകർന്നുപോയി. എന്റെ ഭർത്താവും ഡോക്ടറാണ്. കാൻസർ ചികിത്സയ്ക്ക് ഒപ്പം തന്നെ ആയുർവേദവും പരീക്ഷിക്കാമെന്ന് നിർദ്ദേശിച്ചത് അദ്ദേഹമാണ്. എന്റെ മകളോട് രോഗത്തെ കുറിച്ച് ഞങ്ങൾ പറഞ്ഞിരുന്നില്ല. ഒന്നും അറിയില്ലെങ്കിലും ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അവൾ അനുസരിച്ചു. പനിയ്ക്ക് മരുന്ന് കഴിക്കുന്നത് പോലെ ഗുളികകൾ കഴിച്ചു.
കീമൊതെറാപ്പിയും മുടിയുമെല്ലാം കൊഴിഞ്ഞ് എല്ലുംതോലുമായ അവളെ കാണുമ്പോൾ എന്റ നെഞ്ച് പൊട്ടുമായിരുന്നു. അവൾ കഴിഞ്ഞ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന മറ്റ് കുഞ്ഞുങ്ങളെ കണ്ടതോടെയാണ് അമിതമായി എന്റെ അവസ്ഥയെ മാത്രം പഴിക്കുന്ന സ്വഭാവം ഞാൻ മാറ്റിയത്. രണ്ടര വർഷത്തെ ചികിത്സയും 5 വർഷത്തെ ഒബ്സർവേഷനും കഴിഞ്ഞു നിങ്ങളുടെ മകളുടെ രോഗം മാറി എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബത്തിന് പുനർജന്മം കിട്ടിയത് പോലെയായിരുന്നു.
ഇന്ന് എന്റെ മകൾ ഏഴാംക്ലാസുകാരിയാണ്. നീണ്ടകാലത്തെ ചികിത്സയും മരുന്നുകളുടെ പാർശ്വഫലവും കൊണ്ട് അവളുടെ എല്ലുകൾ ശോഷിച്ചിരുന്നു. നല്ല നർത്തകിയാകണമെന്നാണ് അവളുടെ ആഗ്രഹം. അതിജീവനത്തിന്റെ പാഠങ്ങൾ എനിക്ക് പറഞ്ഞു തന്നത് എന്റെ മകളാണ്. തളരരുത് എന്ന് അവൾ ഓരേോ നിമിഷവും എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. അനുകമ്പയോടെ ഒരു നോട്ടം പോലും അവൾക്ക് കിട്ടുന്നത് ഞാനും ഇഷ്ടപ്പെട്ടില്ല. അവളുടെ കൂട്ടുകാർക്കോ മറ്റുളളവർക്കോ രോഗത്തെ കുറിച്ച് അറിയുമായിരുന്നില്ല. ഒത്തൊരുമയോട് ആ വലിയ ദുരന്തത്തെ ഞങ്ങൾ മറിക്കടന്നു. ആത്മവിശ്വാസത്തോടെ കസ്തൂരി പറയുന്നു.