karthyayani-amma-viral-video

ദേ ഇങ്ങനെയൊക്കെയാണ് കേരളം പുതിയ കേരളമാകുന്നതെന്ന് മലയാളി അഭിമാനത്തോടെ ഇൗ അമ്മൂമ്മയെ ചൂണ്ടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളിലൂടെ ഇന്ത്യയുടെ തന്നെ മനം കവർന്നു 96-ാം വയസിലെ ഇൗ നാലാംക്ലാസുകാരി. കാര്‍ത്യായനിയമ്മയുടെ വാക്കുകളിൽ നിന്നും മലയാളി സമാനതകളില്ലാത്ത ഉൗർജം ഉൾക്കൊള്ളുകയാണ്. എന്നാൽ സോഷ്യൽ ലോകത്തിന്റെ മറ്റൊരു പരിഭവത്തിന്റെ ഉത്തരവും കാർത്യായനിയമ്മ തന്നെ തുറന്നുപറഞ്ഞതോടെ വീണ്ടും താരമാവുകയാണ് സോഷ്യൽ ലോകത്തിന്റെ ‘ഇഷ്ട പഠിപ്പിസ്റ്റ്’. 

 

മലയാള മനോരമ പത്രത്തിൽ അച്ചടിച്ചുവന്ന ചിത്രത്തിലെ ആ കോപ്പിയടിക്കാരൻ അപ്പൂപ്പൻ ആരാണ്? ടീച്ചറെ ഇവനെന്റെ നോക്കിയെഴുതുന്നേ എന്ന് കുട്ടികൾ പരിഭവം പറയുന്നത് പോലെയൊന്നും കാർത്യായനിയമ്മ പറഞ്ഞില്ല. നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി പാസായത്. കാർത്ത്യായനിയമ്മയുടെ  അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്. പഠിപ്പിസ്റ്റിന്റെ അടുത്ത് സീറ്റ്കിട്ടിയ ഉഴപ്പനായി കാണാൻ വരട്ടെ. അതിനുള്ള ഉത്തരം ഇതാണ്.

 

ആരാണ് അമ്മൂമ്മേ അടുത്തിരുന്ന് പരീക്ഷയെഴുതിയ ആ അപ്പൂപ്പൻ? ഉത്തരം ഇങ്ങനെ. അപ്പൂപ്പനോ, അവൻ അപ്പൂപ്പനൊന്നുമല്ല. എന്റെ മരുമകനാ.. പല്ലില്ലാത്ത മോണക്കാട്ടി ചിരിച്ച് കാർത്യായനിയമ്മ പറഞ്ഞപ്പോൾ ലോകവും പൊട്ടിച്ചിരിച്ചുപോയി. കാർത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭർത്താവാണ് രാമചന്ദ്രൻ. പഠനത്തോടുള്ള ഇഷ്ടം ഇവരുവരെയും ക്ലാസ്മേറ്റ്സാക്കി. സോഷ്യൽ ലോകം അവരെ പിന്നെ പഠിപ്പിയും ഉഴപ്പനുമാക്കി. ഇപ്പോഴിതാ ആ ബന്ധവും വെളിച്ചത്തായി. അപ്പോൾ കള്ളൻ കപ്പലിൽ തന്നെയാണല്ലേ.. എന്ന തലക്കെട്ടോടെ ഇൗ വിഡിയോ മലയാളി ഷെയർ ചെയ്യുകയാണ്. 

 

സാക്ഷരതാ മിഷൻ നടത്തിയ നാലാംക്ലാസ് തുല്യത പരീക്ഷയിലാണ് ഇരുവരുടെയും മിന്നും ജയം. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്യായനിയമ്മയെ അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വരെ എത്തി. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട് കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് ആഗ്രഹം. സര്‍‌ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന് സ്നേഹത്തോടെ മുഖ്യമന്ത്രി ചോദിച്ചപ്പോൾ,  തന്നാട്ടേ എന്ന് ഇമ്പമാര്‍ന്ന ഈണത്തിലായിരുന്നു കാര്‍ത്ത്യാനിയമ്മയുടെ മറുപടിയിൽ മുഖ്യമന്ത്രിയും നിലവിട്ട് ചിരിച്ചുപോയി.