ഇനിയും പഠിച്ചിട്ട് എന്തു ചെയ്യാനാണ്? പഠിച്ചിട്ട് വല്ല ജോലിയും കിട്ടിയാൽ പോകും. എനിക്ക് കമ്പ്യൂട്ടറും വേണം. ചുമ്മാതിരിക്കുന്ന സമയത്ത് കമ്പ്യൂട്ടറേൽ അടിക്കാമല്ലോ? ഇത് കഴിഞ്ഞിട്ടും ഞാൻ പഠിക്കുവല്ലിയോ? പത്തുവരെ പഠിക്കണമെന്നാണ് എന്റെ വിചാരം. പിള്ളേര് എഴുതുന്നത് കണ്ടപ്പോൾ എനിക്കും ആശ തോന്നി. ഞാൻ എഴുതിന്നിടത്തോളം മാർക്ക് എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു; ആത്മവിശ്വാസത്തിന്റെ പൊൻതിളക്കത്തോടെ കാർത്ത്യായനി അമ്മ ഇത് പറയുമ്പോൾ പ്രായത്തെ തോൽപ്പിച്ച ഊർജം വാക്കുകളിൽ തെളിഞ്ഞു. എൻഡിടിവി റിപ്പോർട്ടറുടെ ചോദ്യങ്ങൾക്കാണ് 96 വയസിന്റെ ചെറുപ്പത്തോടെ കാർത്ത്യായനി അമ്മയുടെ ഉത്തരം.
സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെയാണ് ഈ 96 വയസുകാരി കാർത്ത്യായനിയമ്മ നാലാംക്ലാസ് തുല്യത പരീക്ഷ പാസായത്.സാക്ഷരതാ മിഷൻ പുറത്തിറക്കിയ പരീക്ഷാഫലത്തിൽ നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി പാസായിരിക്കുന്നത്. ഇത്ര ഉയർന്ന മാർക്ക് റെക്കോർഡാണെന്നും സാക്ഷരതാ മിഷൺ സാക്ഷ്യപ്പെടുത്തുന്നു.
42,933 പേരെഴുതിയ പരീക്ഷയിൽ ഏറ്റവും പ്രായമുള്ള പരീക്ഷാർഥിയായിരുന്നു കല്ല്യാണിയമ്മ. സംസ്ഥാന സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായിരുന്നു ഇൗ പരീക്ഷ. ഇതിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 99.08 ആണ് വിജയശതമാനം. 43,330 പേർ പരീക്ഷയെഴുതിയതിൽ 42,933പേരും വിജയിച്ചു എന്നത് പദ്ധതിയുടെ മികവിലേക്കും വിരൽചൂണ്ടുന്നു. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ കാർത്ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്.
ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യൽ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും. ഒന്നാം റാങ്കിന്റെ ആവേശത്തിലാണ് കാര്‍ത്യായനിയമ്മൂമ്മ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നെത്തിയത്. ചുറ്റും കൂടിയ മാധ്യമങ്ങളോട് ആഹ്ളാദം മറച്ചുവച്ചില്ല. പിന്നെ കുട്ടികള്‍ സ്റ്റേജിലെത്തുന്ന അതേ ആവേശത്തോടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി, ഒന്നാം സമ്മാനം വാങ്ങാന്‍.